യുഎഇയില്‍ വീസ മാറാന്‍ രാജ്യം വിടേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഏത് തരം വീസയില്‍ രാജ്യത്തേക്ക് പ്രവേശിച്ചവര്‍ക്കും പുതിയ വീസയിലേക്ക് മാറാന്‍ രാജ്യത്തിനകത്തുനിന്ന് തന്നെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിദേശികള്‍ക്ക് വീസാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഏത് വീസയിലാണോ രാജ്യത്തേക്ക് പ്രവേശിച്ചത് ആ വീസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പു തന്നെ സ്പോണ്‍സര്‍മാര്‍ക്ക് വീസ മാറ്റി നല്‍കാനാകും. കാലാവധി തീരുന്നതിന് മുന്‍പ് വീസാ പ്രക്രിയകള്‍ പൂര്‍ത്തിയാക്കണം.

Loading...

നിലവിലുള്ള വീസയുടെ കാലാവധി കഴിഞ്ഞാല്‍ പിഴ ഒടുക്കേണ്ടിവരും. രാജ്യത്തെ എല്ലാ താമസ കുടിയേറ്റ കാര്യാലയങ്ങളിലും വീസാ മാറ്റം സാധ്യമാകും. യുഎഇയിലെ താമസക്കാര്‍ക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഓണ്‍ലൈന്‍ വഴി വീസാ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. അപേക്ഷകള്‍ക്ക് നിശ്ചയിച്ച ഫീസ് അടച്ചാല്‍ രാജ്യം വിടാതെ തന്നെ വീസ ലഭിക്കും.

സന്ദര്‍ശക വീസയിലെത്തി ജോലി അന്വേഷിക്കുന്നവര്‍ തൊഴില്‍ ലഭിച്ചാല്‍ രാജ്യം വിട്ട് പുതിയ വീസയിലെത്തുന്നത് ഒഴിവാക്കാനാകും. ട്രാന്‍സിറ്റ്, ടൂറിസ്റ്റ്, വിസിറ്റ്, വിദ്യാഭ്യാസ, ചികില്‍സാ, മിഷന്‍ വീസ തുടങ്ങിയ വീസകളിലുള്ളവര്‍ക്കും രാജ്യം വിടാതെ വീസ മാറാനാകും. സമയവും സാമ്പത്തിക ലാഭവുമാണ് പുതിയ നിയമം പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത്.