യുഎപിഎ അറസ്റ്റ്: അലനെയും താഹയെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

കോഴിക്കോട് പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം. നാളെ കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.

താഹ ഫസലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്ത ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറി കാർഡ്, മൊബൈൽ ഫോൺ എന്നിവയിലെ ഡോക്യുമെന്റുകൾ പൊലീസ് പരിശോധിച്ച് വരികയാണ്. ഇതിനകത്തുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും ചോദ്യം ചെയ്യൽ.

Loading...

ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമൻ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവും പൊലീസിന് കിട്ടിയിട്ടില്ല. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന അലന്റെയും താഹയുടെയും ജാമ്യഹർജി 14ാം തീയതി ഹൈക്കോടതി പരിഗണിക്കും

അതേസമയം, അറസ്റ്റിലായവർ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരാണെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും തങ്ങൾ മാവോയിസ്റ്റുകളെന്ന് സമ്മതിച്ചതായാണു എഫ്ഐആറിൽ പൊലീസ് പറയുന്നത്. യുഎപിഎ ചുമത്തിയതിനെ കൃത്യമായി ന്യായീകരിക്കുന്നതാണ് എഫ്ഐആർ. പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ വിദ്യാർഥികളെ കണ്ടതിനെത്തുടർന്നാണ് ചോദ്യം ചെയ്തത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ അലന്റെ ബാഗിൽനിന്ന് മാവോവാദി അനുകൂല നോട്ടീസുകൾ പിടിച്ചെടുത്തെന്നും എഫ്ഐആറിൽ പറയുന്നു.

നേരത്തെ പ്രതികൾക്കെതിരായ യുഎപിഎ പിൻവലിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇരുവരും സിപിഐ മാവോയിസ്റ്റുകളാണെന്നും മാവോയിസ്റ്റ് പ്രതിഷേധ യോഗങ്ങളിൽ പങ്കെടുത്തത് തെളിയിക്കുന്ന മിനുട്സ് ഉൾപ്പടെയുള്ള രേഖകൾ കിട്ടിയെന്നും പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ നടന്ന യോഗങ്ങളിൽ അലനും താഹയും പങ്കെടുത്തെന്നാണു പോലീസ് പറയുന്നത്.

ഇരുവരുടെയും ആശയവിനിമയം കോഡ് ഭാഷ ഉപയോഗിച്ചാണെന്നും പൊലീസ് പറഞ്ഞു. യുഎപിഎ കേസിൽ നേരത്തെ അറസ്റ്റിലായവരുമൊത്ത് നിൽക്കുന്ന ഫൊട്ടോകളും പിടിച്ചിട്ടുണ്ട്. സായുധ പോരാട്ടം നടത്തേണ്ടത് എങ്ങനെയെന്നുള്ള പുസ്തകങ്ങൾ ഇരുവരുടെയും പക്കൽനിന്നു പിടികൂടിയിട്ടുണ്ടെന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു. താഹയുടെ വീട്ടിൽനിന്നു ലഭിച്ച രേഖകളുടെ കൂട്ടത്തിൽ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന കോഡ് ഭാഷയിലുള്ള നോട്ട് ബുക്കുകളുമുണ്ടെന്നും ഇത് വായിക്കുന്നതിനായി വിദഗ്‌ധരുടെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.