പൊലീസ് കസ്റ്റഡിയില്‍ ഉപദ്രവിച്ചു; അലനും താഹയും

പൊലിസ് കസ്റ്റഡിയില്‍ തങ്ങളെ ഉപദ്രവിച്ചിരുന്നതായി യു.എ.പി.എകേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹയെയും. തങ്ങള്‍ക്ക് ചികിത്സാ സൗകര്യം നിഷേധിച്ചതായും ഇരുവരും വ്യക്തമാക്കി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം. പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങള്‍ എന്‍.ഐ.എ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാതാപിതാക്കളെ കാണാനും സംസാരിക്കാനും അവസരം നല്‍കണമെന്നും അലന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

പന്തീരാങ്കാവ് യുഎപിഎകേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനേയും താഹയെയും എൻഐഎ കസ്റ്റഡിയിൽ വിടുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്. പൊലിസ് ഉപദ്രവിച്ചിരുന്നതായി അലൻ ഷുഹൈബ് കോടതിയിൽ പറഞ്ഞു. ചികിത്സാ സൗകര്യം ഒരുക്കിയില്ലെന്ന് താഹയും പ്രതികരിച്ചു. എൻഐഎ കസ്റ്റഡിയിൽ ഉപദ്രവമേൽക്കുമോ എന്ന് ആശങ്ക ഉണ്ടെന്ന് ഇരുവരും കോടതിയിൽ ആശങ്ക പ്രകടിപ്പിച്ചു. പുറത്തിറങ്ങിയ ശേഷം എല്ലാം വെളിപ്പെടുത്താമെന്ന് അലൻ മാധ്യമങ്ങളോട് പറഞ്ഞു .

Loading...

അറസ്റ്റിനു മുൻപ് താൻ ഡിപ്രെഷനുള്ള മരുന്ന് ഉപയോഗിച്ചിരുന്നതായും എൻഐഐ കസ്റ്റഡിയിൽ മാതാപിതാക്കളെ കാണാൻ അവസരം തരണം എന്നും അലൻ കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ഇനിയുള്ള ചികിത്സാ സൗകര്യങ്ങൾ എൻഐഎ ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രതികളെ ആറു ദിവസത്തേക്കാണ് എൻഐഎ കസ്റ്റഡിയിൽ വിട്ടത്.

ഡിജിറ്റല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാല്‍ അലനെയും താഹയെയും കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നുമാണ് എന്‍ഐഎ കസ്റ്റഡിയപേക്ഷയില്‍ ആവശ്യപ്പെട്ടത്. ഏഴു ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു നൽകണമെന്നായിരുന്നു അപേക്ഷ. എന്നാല്‍ പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികളെ എന്‍ഐഎയുടെ കസ്റ്റഡിയിൽ വിട്ടത്.

പന്തീരാങ്കാവ് അലന്‍, താഹ എന്നിവര്‍ക്കെതിരേയുള്ള കേസ് എന്‍.ഐ.എ.യ്ക്കു കൈമാറിയതിനു പിന്നില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയാണെന്ന് വിമര്‍ശനവുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

യു.എ.പി.എ.യ്ക്കെതിരേ ശക്തമായ നിലപാടു സ്വീകരിച്ച സി.പി.എം. ആണ് മാവോവാദി ബന്ധത്തിന്റെപേരില്‍ ഇരുവര്‍ക്കുമെതിരേ അതേ വകുപ്പുപ്രകാരം കേസെടുത്തത്. കുറച്ചു സാഹിത്യം പഠിച്ചതാണോ, പുസ്തകം വായിച്ചതാണോ, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചതാണോ ഇവര്‍ ചെയ്ത കുറ്റം. ഇടതുപക്ഷ സര്‍ക്കാരിനു ചേര്‍ന്നതല്ല ഇതൊന്നും

ഇതിനെതിരേയുള്ള പ്രതിഷേധം തണുപ്പിക്കാനാണ് എന്‍.ഐ.എ.യ്ക്ക് കേസ് കൈമാറിയത്. ഡി.ജി.പി.യാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. ബെഹ്‌റയും അന്തിമമായി മുഖ്യമന്ത്രിയും അറിയാതെ എന്‍.ഐ.എ. കേസെടുക്കില്ല -മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

സിപിഎം പ്രവര്‍ത്തകരായിരുന്ന അലനും താഹയ്ക്കുമെതിരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസ് എന്‍ഐഎക്ക് കൈമാറുകയായിരുന്നു. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും പെന്‍ഡ്രൈവും കണ്ടെത്തിയതായി പൊലീസ് പറഞ്ഞിരുന്നു.