ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണക്കടത്ത്;പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താനൊരുങ്ങി എന്‍ഐഎ

ദില്ലി: ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ യു. എ. പി. എ ചുമത്താന്‍ എന്‍. ഐ. എ തീരുമാനിച്ചു. ഭീകര പ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായ വകുപ്പുകള്‍ പ്രതികള്‍ക്ക് എതിരെ ചുമത്തും.ഉടന്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യും. സ്വര്‍ണ കടത്തിലെ അന്വേഷണം കൈമാറിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം രാത്രിയാണ് എന്‍. ഐ. എ യ്ക്ക് ലഭിച്ചത്. കേസിന്റെ എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷമേ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയുകയുള്ളുവെന്ന് എന്‍. ഐ. എ വൃത്തങ്ങള്‍ അറിയിച്ചു.

പാര്‍ലമെന്റ് പാസാക്കിയ പ്രത്യേക തീവ്രവാദ വിരുദ്ധ നിയമത്തിനു കീഴില്‍ വരുന്നതാണോ സ്വര്‍ണകടത്തു എന്ന് അന്വേഷിക്കുകയാണ് പ്രഥമ നടപടി. കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനം, കള്ളക്കടത്തു എന്നിവ എന്‍. ഐ എ അന്വേഷണത്തിന്റെ ഭാഗമല്ല. തീവ്രവാദ വിരുദ്ധ സേന രൂപീകരിച്ചതിന് ശേഷം ഇത് വരെ രാജ്യത്ത് നടക്കുന്ന സ്വര്‍ണകടത്തു അന്വേഷിചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു. അത് കൊണ്ട് തന്നെ തീവ്രവാദ ബന്ധം അന്വേഷിക്കും.സ്വര്‍ണം അനധികൃതമായി രാജ്യത്ത് എത്തിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുണ്ടോ എന്ന് കണ്ടെത്തണം.

Loading...

ഭീകര പ്രവര്‍ത്തനവും ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതുമായ ചട്ടത്തിലെ 15, 16, 17, 18 വകുപ്പുകള്‍ പ്രകാരം യു. എ. പി. എ ചുമത്താനാണ് തീരുമാനം. രാജ്യത്തെ സാമ്പത്തിക മേഖലയെ തകര്‍ക്കുന്നതാണ് അനധികൃതമായി എത്തുന്ന സ്വര്‍ണവും പണവും. ഗുജറാത്ത് പോലുള്ള സംസ്ഥാങ്ങള്‍ കേന്ദ്രീകരിച്ചാണ് രാജ്യത്തെ മുഴുവന്‍ സ്വര്‍ണകടത്തും നടക്കുന്നത് എന്ന് ആരോപണം ഉണ്ട്. കരിയര്‍മാരില്‍ അന്വേഷണം അവസാനിപ്പിക്കുന്ന കസ്റ്റംസ് രീതിയായിരിക്കില്ല എന്‍. ഐ. എ യുടേത്.സമാനമായ രീതിയില്‍ മുന്‍പ് നടന്ന കടത്തുകളെകുറിച്ചുള്ള വിവരങ്ങളും കസ്റ്റംസില്‍ നിന്നും എന്‍. ഐ. എ ഉദ്യോഗസ്ഥര്‍ ശേഖരിക്കും.