ബഹിരാകാശത്തേക്കും ഭക്ഷണമെത്തിച്ച് യൂബർ ഈറ്റ്സ്; ഭൂമിക്ക് അകത്തും പുറത്തുമുള്ള മനുഷ്യർക്ക് ഭക്ഷണം എത്തിക്കുക ലക്ഷ്യം

ബഹിരാകാശത്തേക്കും ഭക്ഷണമെത്തിച്ച് യൂബർ ഈറ്റ്സ്. അങ്ങനെ ആദ്യമായി ബഹിരാകാശത്തേക്കും ഭക്ഷണമെത്തിക്കുന്ന ആദ്യത്തെ ഭക്ഷണ വിതരണ കമ്പനിയായി മാറിയിരിക്കുകയാണ് യൂബർ ഈറ്റ്‌സ്. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള സഞ്ചാരികൾക്കായി ജാപ്പനീസ് ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ യുസാക്ക മെസാവ വഴിയാണ് യൂബർ ഈറ്റ്‌സ് ഭക്ഷണം എത്തിച്ചിരിക്കുന്നത്. ഡിസംബർ 11ന് രാവിലെ 9.40നാണ് യൂബർ ഈറ്റ്‌സിന്റെ ഭക്ഷണം യുസാക്ക മെസാവ ബഹിരാകാശ നിലയത്തിലേക്ക് എത്തിച്ചത്.‘യുസാക മെസാവക്ക് ഇതൊരു ചെറുകൈ സഹായം, യൂബർ ഈറ്റ്‌സിനാകട്ടെ വലിയൊരു ഡെലിവറിയും’ എന്നായിരുന്നു യൂബർ സിഇഒ ഡാറ കോസ്‌റോവ്ഷി പിന്നീട് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറഞ്ഞത്.

ഭൂമിക്ക് അകത്തും പുറത്തുമുള്ള മനുഷ്യർക്ക് ഭക്ഷണം എത്തിച്ച് സഹായിക്കുകയാണ് ഞങ്ങളുടെ ദൗത്യം. ബഹിരാകാശ നിലയത്തിലെ സഞ്ചാരികൾക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചതിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറയുന്നു.പുഴുങ്ങിയെടുത്ത അയല മീൻ, മധുരമുള്ള സോസിൽ പാകം ചെയ്‌തെടുത്ത ബീഫ്, മുളങ്കൂമ്പിൽ പാകം ചെയ്ത കോഴി, പോർക്ക് വരട്ടിയത് എന്നിവയായിരുന്നു യൂബർ ഈറ്റ്‌സിന്റെ ബഹിരാകാശത്തേക്കുള്ള ആദ്യത്തെ ഭക്ഷണ ഡെലിവറി. എവിടെ പോയാലും എന്തും ലഭിക്കും എന്ന പരസ്യ വാചകം യാഥാർഥ്യമാക്കുന്നതായിരുന്നു ബഹിരാകാശത്തേക്കുള്ള ഈ ഭക്ഷണ വിതരണം എന്നാണ് യൂബർ ഔദ്യോഗിക ട്വിറ്ററിലൂടെ ട്വീറ്റു ചെയ്തത്.

Loading...