പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം; ഈരാറ്റുപേട്ടയിൽ ഐ ഗ്രൂപ്പ് രഹസ്യ യോഗം നടത്തി: ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

കോട്ടയം: ഒരു മുന്നണിയിലും ചേരാതെ മാറി നിൽക്കുന്ന പി സി ജോർജിന്റെ യുഡിഎഫ് പ്രവേശനം ചർച്ച ചെയ്യാൻ കോൺ​ഗ്രസ് ഐ ​ഗ്രൂപ്പിന്റെ രഹസ്യ യോ​ഗം. കോട്ടയം ഈരാട്ടുപേട്ടയിലാണ് ഐ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നത്. ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ് ഉൾപ്പെടെയുള്ളവർ യോ​ഗത്തിൽ പങ്കെടുത്തിരുന്നു. പി സി ജോർജിനെ യുഡിഎഫിൽ എടുക്കുന്ന വിഷയമാണ് പ്രധാനമായും ചർച്ചചെയ്തത്. ജോർജ്ജിന്റെ യുഡിഎഫ് പ്രവേശനത്തിനായുള്ള പ്രാദേശിക നേതാക്കളുടെ അഭിപ്രായം ആരാഞ്ഞു. രമേശ് ചെന്നിത്തലയുടെ ദൂതനായാണ് ജോസഫ് വാഴയ്ക്കൻ രഹസ്യ യോ​ഗത്തിൽ പങ്കെടുത്തത്.

ജോർജ്ജിന്റെ യുഡിഎഫ് പ്രവേശനം അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ ഇതിനിടെ തർക്കമുണ്ടായി. എ- ഐ ഗ്രൂപ്പുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഈരാറ്റുപേട്ടയിൽ രഹസ്യ ഗ്രൂപ്പ് യോഗത്തിന് എത്തിയ ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. എ ഗ്രൂപ്പുകാരനായ മണ്ഡലം പ്രസിഡന്റിനെ മാറ്റി ഐ ഗ്രൂപ്പുകാരനെ നിയമിച്ച നടപടി വിവാദവുമായതോടെ കെപിസിസി തീരുമാനം പിൻവലിച്ചിരുന്നു. ഇതിനിടെയാണ് ജോസഫ് വാഴക്കന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് രഹസ്യ യോഗം വിളിച്ചത്.

Loading...

കൂടുതൽ പ്രവർത്തകർ എത്തിയതോടെ വാഴയ്ക്കൻ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. പിസി ജോർജ് യുഡിഎഫിലേയ്ക്ക് കടക്കുന്നുവെന്ന് സൂചനകളെത്തിയത് ഇന്നാണ്. ജനപക്ഷം പാർട്ടിയെ യുഡിഎഫിൽ എത്തിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പി സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്.