ബന്ധു നിയമനത്തില്‍ യുഡിഎഫും പിന്നിലല്ല

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ എം മാണി, വി എസ് ശിവകുമാർ തുടങ്ങിയ മിക്ക മന്ത്രിമാരുടെയും ബന്ധുക്കൾക്ക് അനധികൃത നിയമനം നൽകി. ചിലർക്കായി ഇല്ലാത്ത തസ്തിക സൃഷ്ടിക്കുകയും ചെയ്തു. ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ മരുമകൻ കെ ഒ ജോസഫായിരുന്നു യുഡിഎഫ് മന്ത്രിസഭയിലെ തൊഴിൽമന്ത്രി ഷിബു ബേബി ജോണിന്റെ ഉപദേശകൻ. സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ ഭാര്യ എം ടി സുലേഖയെ സർവ വിജ്ഞാന കോശത്തിന്റെ ഡയറക്ടറായും നിയമിച്ചു. മന്ത്രി അനൂപ് ജേക്കബിന്റെ സഹോദരി അമ്പിളി ജേക്കബിനെ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാ സ്ട്രക്ചർ മാർക്കറ്റിംഗ് മാനേജരായായിരുന്നു നിയമിച്ച്. ഈ തസ്തികയിൽ നിയമിക്കപ്പെടാൻ അമ്പിളിക്കു യോഗ്യതയുണ്ടായിരുന്നില്ല. ഇക്കാര്യത്തതിൽ വിജിലൻസ് അന്വേഷണം നടന്നു. എഫ്‌ഐആറിൽ പ്രതിയാണ് അമ്പിളി.

മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യക്കു നൽകി അനധികൃത നിയമനം. അനില മേരി ഗീവർഗീസിനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായാണു നിയമിച്ചത്. ഉമ്മൻചാണ്ടിയുടെ അമ്മായിയുടെ മകൻ കുഞ്ഞ് ഇല്ലംപള്ളിയെ കോ ഓപ്പറേറ്റിവ് സർവീസ് എക്‌സാമിനേഷൻ ബോർഡ് ചെയർമാനായാണു നിയമിച്ചത്. യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവു വരുത്തി. ഡോക്ടറേറ്റോ പിജിയോ ഉണ്ടായിരുന്നവരെ നിയമിക്കേണ്ട തസ്തികയുടെ യോഗ്യത കുഞ്ഞ് ഇല്ലംപള്ളിക്കായി ബിരുദമായി മാറ്റി. അധ്യാപകപരിചയം വേണമെന്ന യോഗ്യതാ വ്യവസ്ഥയും കോട്ടയത്തെ ഐഎൻടിയുസി നേതാവു കൂടിയായ കുഞ്ഞിനായി കാറ്റിൽപറത്തി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏറെ വിവാദമായ നിയമനമായിരുന്നു എം ജി സർവകലാശാലയിലെ പ്രോ വൈസ് ചാൻസലറായിരുന്ന ഷീന ഷുക്കൂറിന്റേത്. ഷീനാ ഷുക്കൂറിന്റെ ഡോക്ടറേറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. മുസ്ലിം ലീഗ് അധ്യാപക സംഘടനാ നേതാവ് പി നസീറിനെ ന്യൂനപക്ഷ വകുപ്പ് ഡയറക്ടറായാണു നിയമിച്ചത്. സ്വകാര്യ കോളജ് അധ്യാപകൻ മാത്രമായിരുന്നു നസീർ. ഐഎഎസ് യോഗ്യതയുള്ളവരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കേണ്ട തസ്തികയിലേക്കാണു ചട്ടങ്ങൾ കാറ്റിൽ പറത്തി നസീറിനെ നിയമിച്ചത്.

Loading...

മന്ത്രി വി എസ് ശിവകുമാറിന്റെ അനിയൻ വി എസ് ജയകുമാറായിരുന്നു ശബരിമലയിലെ എക്‌സിക്യുട്ടീവ് ഓഫീസർ. നിരവധി ആരോപണങ്ങൾക്കു വിധേയനായിട്ടുള്ള ജയകുമാറിന്റെ നിയമനം പൂർണമായും വ്യവസ്ഥകൾ കാറ്റിൽപറത്തിയുള്ളതായിരുന്നു. മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ ഉമ്മർ മാസ്റ്ററുടെ മരുമകനാണ് അബ്ദുൾ ജലീൽ. വനിതാ ലീഗ് നേതാവിന്റെ മകൻ കെ പി നൗഫലിനായിരുന്നു ഐടി അറ്റ് സ്‌കൂൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ. സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂലസംഘടനാ നേതാവ് എര്ഷാദിന്റെ ഭാര്യ ഹമീദയ്ക്കു നോർക്ക റൂട്‌സിലും നിയമനം നൽകി. ആർ സെൽവരാജ് എംഎൽഎയുടെ മകൾക്ക് വെയർ ഹൗസിംഗ് കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജരായും നിയമനം നൽകി. കോൺഗ്രസ് അഖിലേന്ത്യാ നേതാവ് ഷാനിമോൾ ഉസ്മാനെ ദേശീയ ഗെയിംസിന്റെ സ്‌പെഷൽ ഓഫീസറായി നിയമിച്ചു. വെറും റെവന്യൂ ഉദ്യോഗസ്ഥനായിരുന്നു ഉസ്മാൻ. കോടികളുടെ ക്രമക്കേടാണ് ഇതിൽ നടന്നത്. സ്വജന പക്ഷപാതത്തിന്റെ കാര്യത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സകല അതിരുകളും വിട്ടാണ് യുഡിഎഫ് നേതാക്കൾ ശ്രമിച്ചതെന്നു വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങൾ.