കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് ഇടുക്കിയിൽ നിശാപാർട്ടിയും ബെല്ലിഡാൻസും: പങ്കെടുത്തത് രാഷ്ട്രീയ പ്രമുഖരും പൊലീസ് ഉദ്യോഗസ്ഥരും: നർത്തകിയെ എത്തിച്ചത് അന്യസംസ്ഥാനത്ത് നിന്ന്

ഇടുക്കി: സംസ്ഥാനം കൊറോണ ഭീതിയിലൂടെ കടന്നുപോകുമ്പോൾ നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി ബെല്ലി ഡാൻസ് പാർട്ടി. കോവിഡ് വ്യാപനത്തിനിടയിൽ ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിലാണ് നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തു.

സാമൂഹിക അകലം പാലിക്കാതെ 250 ലേറെപ്പേരാണ് പാർട്ടിയിൽ പങ്കെടുത്തതെന്നാണ് വിവരം. ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ശാന്തൻപാറയ്ക്കു സമീപമുള്ള റിസോർട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. അന്യ സംസ്ഥാനത്തു നിന്നാണ് ഡാൻസ് ചെയ്യാൻ പെൺകുട്ടിയെ എത്തിച്ചത്. ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയ്ക്കെതിരെയാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് പൊലീസ് കേസെടുത്തത്. പുതിയതായി തുടങ്ങിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം നടത്തിയത്.

Loading...

‌രാത്രി എട്ടിനു തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നു. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാർട്ടി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചെന്നു വിഡിയോയിൽ വ്യക്തമാണ്. നിശാപാർട്ടിയിൽ പങ്കെടുത്തവർ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷരാവിൽ പങ്കെടുത്തുവെന്നാണ് വിവരം. അതിനാൽ തന്നെ കെസെടുക്കാൻ പോലീസ് ആദ്യം വിമുഖത കാണിച്ചുവെന്നാണ് റിപ്പോർട്ട്.