വിഡിയോ നിർമിച്ചവരെ കണ്ടെത്തി ശിക്ഷിക്കണം; ഇക്കാര്യത്തിൽ ഡോക്ടർ ദയയ്ക്കൊപ്പം : ഉമാ തോമസ്

തൃക്കാക്കരയിൽ തനിക്ക് നൂറ് ശതമാനവും വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തെരഞ്ഞെടുപ്പിൽ വ്യക്തിഹത്യ പാടില്ലെന്നും, രാഷ്ട്രീയപരമായി നേരിടണമെന്നും ഉമാ തോമസ് പറഞ്ഞു. അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിൽ ജോ ജോസഫിന്റെ കുടുംബത്തിന് പിന്തുണയുണ്ടെന്നും ഉമാ തോമസ് പറഞ്ഞു.

ജോ ജോസഫിനെതിരായ വിഡിയോ ഫോർവേർഡ് ചെയ്യപ്പെടുന്നത് തെറ്റാണ്. ആരാണ് ഈ വ്യാജ വിഡിയോ നിർമിച്ചതെന്ന് കണ്ടെത്തണം. അവർക്ക് ശിക്ഷ കിട്ടണം. ഫോർവേർഡ് ചെയ്ത വ്യക്തികളെയല്ല, വിഡിയോ നിർമിച്ചവരെയാണ് പിടിക്കേണ്ടത്. ഡോക്ടർ ദയയുടെ കൂടെ ഒരുമിച്ച് നിൽക്കുകയാണ് ഞാൻ‌. മറ്റുള്ളവർക്ക് ഇത് തമാശയായിരിക്കാം. പക്ഷേ നമ്മളെ ബാധിക്കുന്നത് നമ്മുടെ ജീവിതമാണ്. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഡോ. ദയയ്ക്ക് ഇത് തങ്ങളല്ല എന്ന് പറഞ്ഞാൽ തീർന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആ വിഡിയോയിലുള്ള വ്യക്തികൾക്ക് എത്രമാത്രം വേദനയുണ്ടാക്കും എന്നതും വേദനാജനകമാണ് – ഉമാ തോമസ് പറഞ്ഞു.

Loading...

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. കൊട്ടിക്കലാശം കേമമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തും.