തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസ് കോൺ​ഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കും. അന്തരിച്ച എം.എൽ.എ പിടി തോമസിൻ്റെ ഭാര്യയാണ് ഉമ തോമസ്. തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു.

യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിൻ്റെ സിറ്റിം​ഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺ​ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ.സുധാകരനും വിഡി സതീശനും ഒറ്റക്കെട്ടുമാണ്. അനാവശ്യ ച‍ർച്ചകൾക്ക് സമയം നൽകാതെ എത്രയും പെട്ടെന്ന് സ്ഥാനാ‍ർത്ഥിയെ പ്രഖ്യാപിക്കണം എന്നാണ് വിഡി സതീശൻ്റെ നിലപാടാണ്. ഉമ തോമസിനെ സ്ഥാനാ‍ർത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസൻ്റേഷൻ അടക്കമുള്ളവ‍ർ രം​ഗത്ത് വരാൻ സാധ്യതയുണ്ടെങ്കിലും പ്രതിഷേധം അനുനയിപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് നേതൃത്വം.

Loading...