വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍  ആയിരുന്നു ഞാന്‍
വളവും തിരിവുകളുമുള്ള ചുരം ഇറങ്ങിവരാന്‍ മണിക്കൂറുകള്‍
പുറപ്പെടും മുന്‍പ് ഉമ്മാമ്മക്ക് അന്നെയൊന്നു കാണണംഎന്നുള്ള
അതിയായ മോഹം എന്നെ വിളിച്ചറിയിക്കാന്‍ മറന്നിരുന്നില്ല
കയ്യാലപ്പറമ്പിലൂടെ റോട്ടിലേക്കെത്താന്‍ ഉമ്മാമ്മക്കും വേണം
മണിക്കൂറുകള്‍ ഉള്ള ഏന്തി വലിഞ്ഞുള്ള നടത്തമെന്നറിയാം
സ്വര്‍ണ്ണക്കടുക്കന്‍ ഇട്ട കാതുകളില്‍ വെള്ളത്തട്ടത്തിന്‍റെ
നൂലുകള്‍ കൊളുത്തി വലിക്കുന്നുണ്ടാവും നടത്തത്തിനിടയില്‍
 വെറ്റിലക്കറയുള്ള പല്ലുകള്‍ക്കിടയില്‍ തെളിഞ്ഞു നിന്നിരുന്നു
സ്നേഹം തുളുമ്പുന്ന ഒരു പാല്‍പ്പുഞ്ചിരി എന്നു മെന്നുമായി
മുറുക്കി ചുവന്ന ചുണ്ടുകള്‍ കൊണ്ടെന്നെ കെട്ടിപ്പിടിച്ചൊരു
മുത്തം നെല്‍കാനായി തട്ടിത്തടഞ്ഞു എത്തിയതാരുന്നുമ്മാമ
അപ്പോള്‍ ചോദിക്കാം നിനക്ക്  നേരെത്തേറങ്ങാമായിരുന്നില്ലേ
വിമാനത്താവളത്തിലേക്കുള്ള വണ്ടിക്കൂലിക്കുള്ള ഓട്ടത്തില്‍
നേരത്തെ ഞാന്‍ എങ്ങനെ ഇറങ്ങുമെന്നുള്ള മറുചോദ്യവുമുണ്ട്
ഉമ്മാമ്മ റോട്ടിലേക്ക് വരാന്‍  കഴിയും മുന്‍പേ പോരേണ്ടി വന്നു
വിമാനത്താവളത്തില്‍ വിമാനം എന്നെക്കാത്ത് നില്‍ക്കില്ലല്ലോ
ഞാന്‍ സഞ്ചരിക്കുന്ന വഴികളുടെ നീളം പള്ളിക്കാട്ടിനരുകിലേക്ക്
ചുരുങ്ങി ച്ചുരുങ്ങി വരുന്നതുപോലെ തോന്നിത്തുടങ്ങുമ്പോള്‍
പള്ളിക്കാട്ടിലെ കാടുപിടിച്ച മണ്കൂനക്കടിയില്‍ മുറുക്കി
ചുവന്ന ചുണ്ടുകള്‍ എന്നോട് സലാം ചൊല്ലുന്നതായി തോന്നും