ഉച്ചയോടെ ഉംപുണ്‍ തീരം തൊടും, അതിതീവ്ര കാറ്റും മഴയും ഉണ്ടാകും

ന്യൂഡല്‍ഹി: ഉച്ചയോടെ ഉംപുണ്‍ ചുഴലിക്കാറ്റ് തീരം തൊടും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ചുഴലിക്കാറ്റ് ഇപ്പോള്‍ ഒഡീഷയിലെ പാരദ്വീപിന് 180 കിലോമീറ്റര്‍ അകലെയാണ്. ഒഡീഷ തീരത്ത് കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഉച്ച ആകുന്നതോടെ പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയില്‍ സുന്ദര്‍ബന്ദര്‍ മേഖലയിലൂടെ ചുഴലിക്കാറ്റ് കരയിലേക്ക് കടക്കും. അതി തീവ്രമായ ചുഴലിക്കാറ്റ് മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയില്‍ വീശും എന്നാണ് മുന്നറിയിപ്പ്.

നാവിക സേനയുടെ വിദഗ്ധ സംഘം കൊല്‍ക്കത്തിയില്‍ എത്തിയിട്ടുണ്ട്. ആയിരത്തോളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. കൊല്‍ക്കത്ത തീരം വഴിയുള്ള ചരക്ക് നീക്കങ്ങള്‍ നിര്‍ത്തലാക്കി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Loading...

പശ്ചിമ ബംഗാളിലും വടക്കന്‍ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും കാറ്റുമുണ്ട്. വരും മണിക്കൂറുകളില്‍ ഇത് ശക്തിപ്പെടുമെന്നാണ് മുന്നറിയിപ്പ്. കടല്‍ക്ഷോഭവും രൂക്ഷമാകും. പശ്ചിമ ബംഗാളില്‍ നാലുലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ ഇരു സംസ്ഥാനങ്ങളിലുമായി മൂവായിരത്തോളം ദുരന്ത നിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്.