സൗദി അറേബ്യയെ ഞെട്ടിച്ചുകൊണ്ട് യമനില്‍ നിന്ന് വന്ന മിസൈലിന് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങനെ

റിയാദ്: സൗദി അറേബ്യയെ ഞെട്ടിച്ചുകൊണ്ട് യമനില്‍ നിന്ന് അടുത്തിടെ വന്നത് നിരവധി മിസൈലുകളാണ്. തലസ്ഥാനത്തെ വിമാനത്താവളം വരെ എത്തിയ മിസൈല്‍ കണ്ട് സൗദി ഭരണകൂടം ആശങ്കപ്പെട്ടിരുന്നു. ഇത്രയും ദൂരത്തേക്ക് അയക്കാന്‍ സാധിക്കുന്ന അത്യാധുനിക മിസൈല്‍ യമനിലെ ഹൂഥികള്‍ക്ക് എവിടെ നിന്ന് കിട്ടി എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം.

ഉത്തരത്തിന് വേണ്ടി പ്രത്യേക അന്വേഷണമൊന്നും നടത്തിയില്ല. സൗദി അറേബ്യ പ്രഖ്യാപിച്ചു എല്ലാത്തിനും പിന്നില്‍ ഇറാനാണെന്ന്. അതേ സ്വരത്തില്‍ അമേരിക്കയും പറഞ്ഞു. ഇറാനാണ് ഹൂഥികള്‍ക്ക് ആയുധം നല്‍കുന്നതെന്ന്. ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂഥികളെ ഇറാന്‍ സഹായിക്കുമെന്നത് സ്വാഭാവികം. അതുകൊണ്ടുതന്നെ എല്ലാവരും വിരല്‍ ചൂണ്ടിയത് ഇറാനെതിരെ. പക്ഷേ ഇപ്പോള്‍ സത്യംപുറത്തുവന്നു…

Loading...

ഐക്യരാഷ്ട്രസഭ സൗദി അറേബ്യയുടെയും അമേരിക്കയുടെയും ആരോപണം സംബന്ധിച്ച വിശദമായി പരിശോധിച്ചു. ഇതില്‍ നിന്ന് വ്യക്തമായത് ആരോപണം പൂര്‍ണമായി ശരിയാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ്. യമനിലെ ഹൂഥികള്‍ക്ക് മിസൈല്‍ കൈമാറിയത് വിദേശ ശക്തിയാണെന്ന സംശയവും അന്വേഷണ സംഘം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വന്തമായി ഹൂഥികള്‍ നിര്‍മിച്ചതാകാം. അല്ലെങ്കില്‍ വിദേശ ശക്തികള്‍ കൈമാറിയതാകാം. എങ്കിലും ഇറാന് ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ സംഘം കരുതുന്നു. ഇറാന്റെ മിസൈലുകള്‍ ഐക്യരാഷ്ട്ര സഭാ സംഘത്തിന് നന്നായറിയാം. പക്ഷേ, സൗദിയില്‍ പതിച്ച മിസൈലുകള്‍ ഇറാന്റെതാണെന്ന് പറയാന്‍ സാധിക്കില്ല.’

അതുകൊണ്ടുതന്നെ ഇറാന്‍ ഹൂഥികള്‍ക്ക് മിസൈല്‍ കൈമാറിയെന്ന് കരുതാന്‍ വയ്യ. എങ്കിലും അമേരിക്കയുടെയും സൗദിയുടെയും ആരോപണം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും അന്വേഷണ സംഘം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജൂലൈ 22നും നവംബര്‍ നാലിനുമാണ് സൗദി അറേബ്യന്‍ സൈന്യത്തെ ഞെട്ടിച്ചുകൊണ്ട് പ്രധാന നഗരങ്ങളിലേക്ക് ഹൂഥികള്‍ മിസൈല്‍ തൊടുത്തുവിട്ടത്. നാശനഷ്ടം വരുത്തുന്നതിന് മുമ്പ് തന്നെ സൈന്യം ഇതു തകര്‍ത്തു. ഒരുതവണ മിസൈല്‍ പ്രതിരോധ കവചവും മിസൈല്‍ നിര്‍വീര്യമാക്കി. അതിര്‍ത്തിയില്‍ പതിക്കുന്ന മിസൈലുകള്‍ക്ക് പുറമെയാണ് റിയാദിലേക്കും മിസൈല്‍ ആക്രമണമുണ്ടായത്.

രണ്ട് സംഭവത്തിന് പിന്നിലും ഇറാനാണെന്നും ഹൂഥികളെ ഉപയോഗിച്ച് ഇറാന്‍ സൗദിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു സൗദിയുടെ ആരോപണം. എന്നാല്‍ മിസൈല്‍ പതിച്ച സ്ഥലങ്ങളില്‍ യുഎന്‍ സംഘം പരിശോധന നടത്തി. ഇവിടുന്ന് ശേഖരിച്ച സാംപിളുകള്‍ വിശദമായി പരിശോധിച്ചു. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മിസൈലുകളല്ല യമനില്‍ നിന്ന് വന്നത് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. അവര്‍ തന്നെ നിര്‍മിച്ചതാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ വ്യക്തത വരണമെങ്കില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും യുഎന്‍ സെക്രട്ടറി ജനറലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വഷണ സംഘം വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭ ഇറാനെതിരേ ചുമത്തിയ ഉപരോധവും നിയന്ത്രണവും സംബന്ധിച്ച് പരിശോധിക്കുന്ന സംഘം തന്നെയാണ് സൗദിയില്‍ പതിച്ച മിസൈലിനെ പറ്റിയും പരിശോധിച്ചത്. ഇവര്‍ സെക്രട്ടറി ജനറലിന് നല്‍കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത നല്‍കിയത്. റിപ്പോര്‍ട്ട് യുഎന്‍ രക്ഷാസമിതിയില്‍ വച്ചു. ഈ സമയമാണ് ഗുട്ടറസ് ഇറാനല്ല സംഭവത്തിന് പിന്നിലെന്ന് സൂചിപ്പിച്ചത്. കൃത്യമായി ഇക്കാര്യത്തില്‍ മറുപടി പറയണമെങ്കില്‍ വിശദമായ പഠനത്തിന് ശേഷമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യമനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ ഇറക്കിയ പ്രമേയം ഇറാന്‍ ലംഘിച്ചുവെന്നായിരുന്നു അമേരിക്കയുടെ ആരോപണം. ഇറാനെതിരേ കൂടുതല്‍ ശക്തമായ നടപടി വേണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് മറിച്ചായതിനാല്‍ ഇറാനെതിരേ തിടുക്കത്തില്‍ നടപടിയുണ്ടാകില്ലെന്നാണ് കരുതുന്നത്.