പത്തനംതിട്ട: വള്ളിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ഒരു വര്‍ഷം തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിച്ച സംഭവത്തില്‍ വക്കീല്‍ ഗുമസ്തയുടെ മൊബൈല്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പും അന്വേഷണവും തുടരുന്നു. ഗുമസ്ത രേണുക ആര്‍.നായരുടെ ഫോണില്‍ കണ്ട നമ്പരുകളും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ഫോണിലെ നമ്പരുകളില്‍ ചിലതും ഒരേ ആളുകളുടേതു തന്നെയാണെന്നു വ്യക്തമായി.

പത്തനംതിട്ടയിലെ വക്കീല്‍ ഗുമസ്ത വള്ളിക്കോട് രേണുക ഭവനത്തില്‍ രേണുക ആര്‍.നായരാണ് (30) പെണ്‍വാണിഭക്കേസില്‍ ഇടനിലക്കാരിയായതിന്റെ പേരില്‍ അറസ്റ്റിലായത്. റിമാന്‍ഡിലായിരുന്ന ഇവരെ കേസിന്റെ വിശദമായ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്. 23വരെയാണ് ഇവര്‍ കസ്റ്റഡിയിലുള്ളത്. പെണ്‍കുട്ടിയുടെ മൊഴിയും രേണുകയില്‍ നിന്നു ലഭിച്ച വിവരങ്ങളും സമാനമായതിനാല്‍ കേസില്‍ പ്രതിയാകാനിടയുള്ളവരെ വീണ്ടും ചോദ്യം ചെയ്ത് അറസ്റ്റു ചെയ്യുമെന്ന് പോലീസ് പറഞ്ഞു. വള്ളിക്കോട്, പത്തനംതിട്ട സ്വദേശികളായ ചിലരുടെ പേരുകള്‍ ഇരുവരില്‍ നിന്നു ലഭിച്ചിട്ടുണ്ട്.

പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരായ ചിലരുടെ പേരുകള്‍ പെണ്‍കുട്ടിയുടെ മൊബൈലില്‍ നിന്നു കണ്ടെടുത്തിരുന്നു. കാണാതായ കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇവര്‍ കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് മൊഴി. വ്യക്തമായ തെളിവുകള്‍ക്കു വേണ്ടിയാണ് രേണുകയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുമോയെന്നതും സംശയമുണ്ടാക്കുന്നു.

കോടതിയില്‍ മൊഴി രേഖപ്പെടുത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനും ആലോചനയുണ്ട്. ആറുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സ്‌നേഹബന്ധമുണ്ടാക്കിയ രേണുക ആലപ്പുഴ, എറണാകുളം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് പലര്‍ക്കും കാഴ്ചവച്ചതായാണ് കേസ്.