ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു, കുറ്റക്കാരായ ആറു പേരെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥി അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കുത്തിയതെന്നാണ് ഇവരുടെ മൊഴി. അഖിലിനെ ആക്രമിക്കുന്നിനിടെയാണ് തന്റെ കൈയില്‍ മുറിവേറ്റതെന്നും ശിവരഞ്ജിത്ത് പറഞ്ഞതായാണ് വിവരം. ശിവരഞ്ജിത്തിന്റേയും നസീമിന്റെയും കൈയില്‍ രക്തം ഉണ്ടായിരുന്നത് കണ്ടതായി മറ്റുള്ളവരും മൊഴി നല്‍കിയിരുന്നു.

ഒരാഴ്ചയായി ഉണ്ടായ ചില പ്രശ്നങ്ങളുടെ അനന്തര ഫലമാണ് കത്തിക്കുത്തില്‍ അവസാനിച്ചതെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. പ്രതികളെ കുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. അഖിലിന്റെ സുഹൃത്തിനെ കുത്താനായിരുന്നു ആദ്യ ശ്രമമെന്നും പിന്നീട് അഖിലിനെ പിടിച്ചു നിര്‍ത്തി കുത്തുകയായിരുന്നുവെന്നുമാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Loading...

അക്രമത്തില്‍ ഉള്‍പ്പെട്ട ആറു പേരെ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അധ്യാപക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

അതേസമയം, ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയ സംഭവം അന്വേഷിക്കുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. ഉന്നതതല യോഗത്തിന് ശേഷം വൈസ് ചാന്‍സലറാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ യൂണിവേഴ്‌സിറ്റി കോളജിന് വീഴ്ച സംഭവിച്ചുവെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍.

ഓരോ കോളജിനും ആവശ്യമായ ഉത്തരക്കടലാസുകള്‍ നല്‍കുന്നത് സര്‍വകലാശാലയാണ്. ഇത് സൂക്ഷിക്കേണ്ട ഉത്തരവാദിത്വം അതാത് കോളജുകള്‍ക്കാണെന്നും കേരള സര്‍വകലാശാല പറയുന്നു. ഇങ്ങനെ നല്‍കുന്ന ഉത്തരക്കടലാസുകള്‍ ബാക്കി വരുന്നുണ്ടെങ്കില്‍ അത് കോളജുകള്‍ അടുത്ത പരീക്ഷയ്ക്കായി ഉപയോഗിക്കുക എന്നതാണ് നിലവിലെ രീതി. അതിനാല്‍ ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തില്‍ സര്‍വകലാശാലയ്ക്ക് ബന്ധമില്ലായെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.