അഖില്‍ നിന്റെ കൂട്ടുകാരനും അയല്‍ക്കാരനും ആയിരുന്നില്ലേടാ… ചോദ്യം ചെയ്യലില്‍ പൊട്ടിക്കരഞ്ഞ് ശിവരഞ്ജിത്ത്

Loading...

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സഹപാഠി അഖിലിനെ നെഞ്ചില്‍ കുത്തിവീഴ്ത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു. കന്റോണ്‍മെന്റ് സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് ശിവരഞ്ജിത്ത് കരഞ്ഞത്.

കൂട്ടുകാരനെ കുത്തിയതെന്തിനാണെന്ന് സി.ഐ ചോദിച്ചപ്പോള്‍ ശിവരഞ്ജിത്ത് തലതാഴ്ത്തി. പിന്നെ വിങ്ങിപ്പൊട്ടി. നിന്റെ കൂട്ടുകാരന്‍ മാത്രമല്ലല്ലോ അയല്‍ക്കാരന്‍ കൂടിയല്ലേ അഖിലെന്ന് ചോദിച്ചപ്പോഴും വിതുമ്പല്‍.

Loading...

ഒരേ ബൈക്കിലാണ് താനും അഖിലും കോളേജിലേക്ക് എത്തിയിരുന്നതെന്ന് പൊലീസിനോട് ശിവരഞ്ജിത്ത് പറഞ്ഞു.എന്നാല്‍ ചോദ്യംചെയ്യലില്‍ ഒരു കൂസലുമില്ലാതെ നസീം നിന്നു. കോളേജില്‍ നടന്ന കാര്യങ്ങളെല്ലാം നസീം പൊലീസിനോട് ഏറ്റുപറഞ്ഞു. ഏറെക്കാലമായി വളര്‍ത്തിയിരുന്ന താടി ജയിലില്‍ നീക്കം ചെയ്തതും പറഞ്ഞു.

തന്റെ പക്കല്‍ ചുവന്ന പിടിയുള്ള കത്തിയുണ്ടായിരുന്നതായും പൊലീസെത്തിയപ്പോള്‍ കോളേജിന്റെ മതിലിനടുത്ത് ഉപേക്ഷിച്ചതായും നസീം മൊഴിനല്‍കി.കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചതിനും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ വ്യാജസീല്‍ ഉണ്ടാക്കിയതിനും രണ്ട് കേസുകള്‍ ശിവരഞ്ജിത്തിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തു.

തിരുവനന്തപുരത്തെ കടയില്‍ നിന്നാണ് സീല്‍ വാങ്ങിയതെന്ന് ശിവരഞ്ജിത്ത് പറഞ്ഞെന്നും കട ഏതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഉത്തരക്കടലാസ്, സീല്‍ എന്നിവയെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കേസെടുത്തെങ്കിലും തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് അന്വേഷണസംഘം ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കും.