അണ്‍ലോക്ക് 3.0 മാര്‍ഗരേഖ പുറത്തിറക്കി: ഓഗസ്റ്റ് 31 വരെ സ്‌കൂളുകള്‍ തുറക്കില്ല, ജിം തുറക്കാം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ചു. അണ്‍ലോക്ക് 3.0 യുടെ മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 1 മുതലാകും അൺലോക്ക് മൂന്നാം ഘട്ടം നടപ്പിലാകുക. രാത്രിയാത്രാ നിരോധനം അതായത് നൈറ്റ് കർഫ്യൂ ഒഴിവാക്കി.

യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. എന്നാൽ അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ. സംസ്ഥാനങ്ങളാണ് ഇനി അതത് പ്രദേശത്തെ സ്ഥിതികള്‍ക്ക് അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത്. മെട്രോ അടക്കമുള്ള സര്‍വീസുകള്‍ ഉണ്ടാകില്ല. സിനിമാ തിയറ്ററുകളും പാര്‍ക്കുകളും ബാറുകളും അടഞ്ഞുതന്നെ കിടക്കും.

Loading...

സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകൾ നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്താം. എന്നാൽ മാസ്കുകൾ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേർ കൂട്ടം കൂടാൻ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശം കേന്ദ്രസർക്കാർ പിന്നീട് പുറത്തിറക്കുമെന്നും മാർ​ഗ്​ഗ നിർദ്ദേശം വ്യക്തമാക്കുന്നു. സ്കൂളുകളും കോളേജുകളും കോച്ചിംഗ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ തുറക്കില്ല. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ.

വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതിയില്ല.
മെട്രോ റെയിൽ, സിനിമാ തീയറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ അടഞ്ഞുതന്നെ കിടക്കുമെന്നും പൊതുപരിപാടികൾ പാടില്ലെന്നും മാർ​ഗ്​ഗ നിർദ്ദേശത്തിൽ പറയുന്നു. എന്നാൽ ഈ ഇളവുകളൊന്നും കണ്ടെയ്ൻമെന്‍റ് സോണുകളിൽ ബാധകമാകില്ല.