വിവാഹം കഴിച്ചുകൂടേ… കുഞ്ഞുങ്ങള്‍ വേണ്ടേ… എന്നൊക്കെ പറഞ്ഞ് നിരന്തരം മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നവര്‍ക്ക് അമിതയെ ഒന്ന് പഠിക്കാം

ഒരാളുടെ വിവാഹം, കുഞ്ഞുങ്ങള്‍, ജോലി, വീട് ഇതിലൊക്കെ ചുറ്റമുള്ളവര്‍ക്ക് ഭയങ്കര ആശങ്കയാണ്. അതവര്‍ പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും. അതിനാല്‍ തന്നെ ഈ സോഷ്യല്‍ പ്രഷറിന്‍റെ ഭാഗമായി മിക്കവര്‍ക്കും വിവാഹം കഴിക്കേണ്ടി വരും.

ഇഷ്ടപ്പെട്ട ജോലി, പഠനം ഒക്കെ ഉപേക്ഷിക്കേണ്ടി വരും. വിവാഹം കഴിക്കാത്ത ആളുകളെ അത്ര പഥ്യമല്ല നമുക്ക്.

Loading...

എന്നാല്‍, അമിതാ മറാത്തേ എന്ന സ്ത്രീ ഈ സോഷ്യല്‍ പ്രഷറില്‍ തളര്‍ന്നു പോവാന്‍ കൂട്ടാക്കാത്ത ഒരാളായിരുന്നു. പകരം സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു അവളുടെ തീരുമാനം.

വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നു അമിതയ്ക്ക്. പക്ഷെ, ഒരു കുഞ്ഞിനെ വേണം എന്നത് എപ്പോഴും അവളുടെ ആഗ്രഹമായിരുന്നു. അങ്ങനെ നാല്‍പ്പത്തിരണ്ടാമത്തെ വയസ്സില്‍ അവര്‍ ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. അദ്വൈത എന്ന ആ പെണ്‍കുഞ്ഞ് അവരുടെ ജീവിതത്തിന്‍റെ പ്രകാശമായിത്തീര്‍ന്നു.

ഇന്ത്യയില്‍ മിക്കയിടങ്ങളിലും ഇന്നും പെണ്‍കുഞ്ഞുങ്ങളെ ഒരു ഭാരമായിട്ടാണ് കാണുന്നത്. അതിനാല്‍ത്തന്നെ ഒരു പെണ്‍കുഞ്ഞിനെ തന്നെ ദത്തെടുക്കണമെന്നും അമിത തീരുമാനിച്ചിരുന്നു. അമിതയുടെ മാതാപിതാക്കളും സഹോദരിയും അവരുടെ ആഗ്രഹത്തിനൊപ്പം നിന്നു.

വിവാഹം കഴിക്കാതിരിക്കുന്നതും പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നതുമെല്ലാം മോശമാണ് എന്ന് കരുതപ്പെടുന്ന ഒരു ചുറ്റുപാടില്‍ അമിതയെടുത്ത തീരുമാനത്തിനൊപ്പം മാതാപിതാക്കള്‍ നിന്നത് അവള്‍ക്ക് ആശ്വാസവും അദ്ഭുതവുമായി.

2012 -ല്‍ അമിത ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തു. 2013 ആഗസ്തില്‍ അവളുടെ കാത്തിരിപ്പിന് പ്രതീക്ഷയേകും മട്ടില്‍ ഒരു ഫോണ്‍വിളി വന്നു. അത് അവളുടെ ജീവിതത്തെ മുമ്പില്ലാത്തവണ്ണം മാറ്റി. പൂനെയിലെ ഒരു ചൈല്‍ഡ് കെയര്‍ സെന്‍ററിലേക്ക് ചെല്ലാനായിരുന്നു ഫോണില്‍ പറഞ്ഞത്.

ഒരു പെണ്‍കുഞ്ഞിനെ അവര്‍ക്ക് മകളായി ലഭിക്കുന്നുവെന്ന സന്തോഷം അവിടെ ചെന്നപ്പോള്‍ അമിതയറിഞ്ഞു. കുറച്ച് അപേക്ഷാഫോമുകള്‍ പൂരിപ്പിച്ച് നല്‍കാനും അവര്‍ ആവശ്യപ്പെട്ടു. അന്ന് കുഞ്ഞിനെ കൂടെ കൂട്ടാനായില്ലെങ്കിലും മറ്റ് കാര്യങ്ങളെല്ലാം അന്ന് ശരിയാക്കി.

ഫിനാന്‍സില്‍ എംബിഎ പൂര്‍ത്തിയാക്കിയ ആളാണ് അമിത. ജോലിയുടെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുകയായിരുന്നു കുഞ്ഞിനെ ദത്തെടുക്കാനുള്ള തീരുമാനമെടുക്കുമ്പോള്‍ അമിത. ഒരു വയസ്സുള്ള ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കണം എന്നായിരുന്നു അമിത കരുതിയിരുന്നത്.

എന്നാല്‍, അഞ്ച് മാസം മാത്രം പ്രായമുള്ള ഹൃദയത്തിന് പ്രശ്നങ്ങളുള്ള ആ കുഞ്ഞിന്‍റെ വിടര്‍ന്ന കണ്ണുകള്‍ അവളെ തീരുമാനം മാറ്റാന്‍ പ്രേരിപ്പിച്ചു. അമിത പറയുന്നത് ‘അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്’ ആയിരുന്നുവെന്നാണ്. അമിത ആ കുഞ്ഞിനെ തനിക്കൊപ്പം കൂട്ടണമെന്ന് ആഗ്രഹിച്ചു. അവളെ തനിക്കൊപ്പം കൂട്ടി. പൂനെയിലെ ഏറ്റവും മികച്ച ചികിത്സ തന്നെ അവള്‍ക്ക് ലഭ്യമാക്കി.

സര്‍ജറി നടത്തണമെങ്കില്‍ കുഞ്ഞിന്‍റെ ഭാരം കൂടുന്നത് വരെ കാത്തിരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അതിന് കുറച്ച് കാലം കാത്തിരിക്കണമെന്ന് അമിതയ്ക്ക് അറിയാമായിരുന്നു. പക്ഷെ, അമിതയുടെ അതിര്‍ത്തിയേതുമില്ലാത്ത സ്നേഹവും പരിചരണവും തുണച്ചു. ഒന്നാമത്തെ പിറന്നാള്‍ ആവുമ്പോഴേക്കും അദ്വൈതയുടെ ഹൃദയശസ്ത്രക്രിയ നടന്നു.

അവള്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യാന്‍ അദ്വൈതയെ അമിത പ്രോത്സാഹിപ്പിച്ചു. വരക്കാന്‍ ഒരുപാടിഷ്ടമാണ് അദ്വൈതയ്ക്ക്. അമിതയ്ക്ക് ഒരേസമയം അവള്‍ മകളും കൂട്ടുകാരിയുമായി. അദ്വൈതയ്ക്ക് മൂന്ന് വയസ്സായപ്പോഴാണ് അമിത ഒരു പ്രൈവറ്റ് കമ്പനിയില്‍ ബിസിനസ് അനലിസ്റ്റായി തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്.

ദത്തെടുക്കലിനെ കുറിച്ച് മാതാപിതാക്കളേയും കുഞ്ഞുങ്ങളേയും ബോധവല്‍ക്കരിക്കുന്ന പൂര്‍ണക് എന്നൊരു ഓര്‍ഗനൈസേഷനില്‍ അംഗം കൂടിയായിരുന്നു അമിത. അദ്വൈത ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷമാണ് രണ്ടാമതൊരു കുഞ്ഞിനെ കൂടി ദത്തെടുക്കാന്‍ അമിതയ്ക്ക് പ്രേരണയായത്. ഒക്ടോബറില്‍ ഒരു കുഞ്ഞിനെ കൂടി ദത്തെടുക്കാനുള്ള തീരുമാനം അമിതയെടുത്തിട്ടുണ്ട്.

അദ്വൈതയ്ക്ക് ഇപ്പോള്‍ ആറ് വയസ്സായി. അമിതയുടെ മനസ്സാണ് പലര്‍ക്കും ഇല്ലാത്തത്. പെണ്‍ഭ്രൂണഹത്യ ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നൊരു രാജ്യത്ത് അമിത മാതൃകയാണ്. വിവാഹം കഴിച്ചുകൂടേ, കുഞ്ഞുങ്ങള്‍ വേണ്ടേ എന്നൊക്കെ പറഞ്ഞ് നിരന്തരം മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കുന്നവര്‍ക്ക് അമിതയെ ഒന്ന് പഠിക്കാവുന്നതാണ്.