ഉന്നാവ് പീഡനം;പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു

ഉന്നാവ്: ഉന്നാവ് ബലാത്സംഗക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നതിനാല്‍ ഡോക്ടറുടെ മരണം കൂടുതല്‍ ദുരൂഹതയ്ക്ക് വഴി വെക്കുകകയാണ്. പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസിന്റെ ക്രൂരമര്‍ദനം ഏറ്റുവാങ്ങേണ്ടി വന്ന പിതാവിന് ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. ശുശ്രൂഷ നല്‍കി ഡോക്ടര്‍ ഇയാളെ വിട്ടയച്ചെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയില്‍ വെച്ച് മരിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ജില്ലാ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന്റെ ചുമതല വഹിക്കവെയാണ് ഡോ. പ്രശാന്ത് ഉപാധ്യായയ്ക്ക് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിക്കേണ്ടി വന്നത്.കസ്റ്റഡി മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിനിടെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ജോലിയില്‍ തിരിച്ചെടുത്ത അദ്ദേഹം ഫത്തേപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

Loading...

അദ്ദേഹത്തിന് തിങ്കളാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മൃതദേഹം പോസ്റ്റു മോര്‍ട്ടം ചെയ്യും. ബിജെപിയില്‍നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ കുല്‍ദീപ് സിങ് സേംഗര്‍ ഉന്നാവ് ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. തിഹാര്‍ ജയിലിലാണ് ഇപ്പോള്‍. സേംഗറിന്റെ സഹോദരന്‍ അതുലും പെണ്‍കുട്ടിയുടെ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലാണ്.

ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട് നടക്കുന്ന 5 ാമത്തെ മരണമാണ് ഡോക്ടറിന്റേത്.പീഡന പരാതിയിൽ തുട‌ർനടപടിക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീ‌ട്ടുപടിക്കൽ അന്നു 17 വയസ്സുള്ള പെൺകുട്ടിയും കുടുംബവും സമരം ചെയ്തതാണ് അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. ഇതിനിടെ പെൺക‌ുട്ടിയുടെ അച്ഛനെ തോക്ക് കൈവശം വച്ചു എന്നതിന്റെ പേരിൽ ജയിലിലടച്ചു. പെൺകുട്ടി കഴിഞ്ഞ വർഷം ഏപ്രിലിൽ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ തീകൊളുത്തി ആ‌ത്മഹത്യയ്ക്കു ശ്രമിച്ചു. സംഭവം ദേശീയശ്രദ്ധയിലെത്തിയെങ്കിലും തൊട്ടടുത്ത ദി‌വസം പൊലീസ് കസ്റ്റഡിയിലിരിക്കെ അച്ഛൻ മരിച്ചു.

എംഎൽഎയുടെ സഹോദരനും ഗുണ്ടകളും ചേർന്ന് പെൺകുട്ടിയുടെ പിതാവിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നതു കണ്ടതായി സാക്ഷിപറയാൻ ഒരാളേ ധൈര്യപ്പെട്ടുള്ളൂ: യൂനസ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യൂനസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈകാതെ മരി‌ച്ചെന്നുമാണു പൊലീസിന്റെ വിശദീകരണം. കേസ് അന്വേഷിക്കുന്ന സിബ‌ിഐയെ പോലും അറിയിക്കാതെ സംസ്കാരവും നടത്തി.

പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം സഞ്ചരിച്ചിരുന്ന 2 അമ്മായിമാരാണു മരിച്ചത്. ഇതിലൊരാൾ കേസിൽ സിബിഐ അന്വേഷണത്തിൽ നിർണായക വിവരങ്ങൾ നൽക‌ിയ ആൾ. ‌അമ്മയും അഭിഭാഷകനുമടക്കം തലനാരിഴയ്ക്കു രക്ഷപ്പെട്ടെങ്കിലും ഇവരി‌പ്പോഴും ആശങ്കയിലാണ്. ഏതു നിമിഷവും അപകടം മണക്കുന്ന വഴിയിലാണിപ്പോൾ ഈ കുടുംബം.