ആ പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ അവസാനം; മേജര്‍ രവിക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍

സംവിധായകന്‍ മേജര്‍ രവിയും നടന്‍ ഉണ്ണി മുകുന്ദനുമായുള്ള പ്രശ്‌നം ഏറെ നാള്‍ നവമാധ്യമങ്ങളിലും സിനിമാലോകത്തും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒടുവില്‍ പ്രശ്‌നങ്ങളെല്ലാം അവസാനിച്ചുവെന്ന് വ്യക്തമാക്കി ഇരുവരും രംഗത്തെത്തിയിരിക്കുകയാണ്. ഇന്നലെ ലുലു മാരിയറ്റ് ഹോട്ടലില്‍ സംവിധായകന്‍ മേജര്‍ രവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷത്തിനിടെയാണ് പിണക്കത്തിന് വിരാമമായത്.

മേജര്‍ രവിയുടെ അറുപതാം പിറന്നാളിന് ആശംസകളുമായെത്തിയ സിനിമാപ്രവര്‍ത്തകരില്‍ ഒരാള്‍ ഉണ്ണി ആയിരുന്നു. ഇന്ന് രാവിലെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പില്‍ മേജര്‍ രവിയാണ് ഇക്കാര്യം ആദ്യമായി അറിയിച്ചത്. ഉണ്ണി പിറന്നാള്‍ ആഘോഷത്തിന് എത്തിയത് തനിക്ക് സര്‍പ്രൈസ് നല്‍കിയെന്നും വലിയ സന്തോഷം തോന്നിയെന്നും മേജര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

My 60th birthday celebration that took place yesterday in Kochi. 6 Decades!! Wow.. Amazing feeling it is.. Thanks to the…

Posted by Major Ravi on Sunday, June 10, 2018

മേജര്‍ രവിയുടെ ക്ഷണം തനിക്ക് നിരസിക്കാന്‍ ആകുന്നതായിരുന്നില്ലെന്നും തങ്ങളുടെ സമാനചിന്താഗതി ഭൂതകാലത്തെ മുറിവുകള്‍ ഇല്ലാതാക്കിയിരിക്കുന്നുവെന്നുമാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്‌

ജീവിതം നമുക്ക് പലപ്പോഴും അവിചാരിതമായ നിമിഷങ്ങളാണ് തരുന്നത്. മേജര്‍ രവിയുടെ 60ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചേടത്തോളം വളരെ വികാരനിര്‍ഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും നിരസിക്കാനാവാത്തതായിരുന്നു. ഇത് ഇന്നല്ലെങ്കില്‍ നാളെ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പുള്ള കാര്യമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചേടത്തോളം ഒരു വലിയ പാഠമായിരുന്നു. ഞങ്ങള്‍ ഇരുവരും ഉള്ളിലുള്ളത് അതേപോലെ പ്രകടിപ്പിക്കുന്ന ആളുകളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇപ്പോഴിതാ ഞങ്ങളുടെ മാനസികമായ സമാനത എല്ലാത്തരം ഊഹാപോഹങ്ങളെയും വേദനയെയും അകലത്തെയുമൊക്കെ മറികടന്നിരിക്കുകയാണ്.

അദ്ദേഹത്തിനെതിരേ നടന്ന വ്യക്തിപരമായ പല ആക്രമണങ്ങളിലും ഞങ്ങള്‍ക്കിടയിലെ കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. അവ പലപ്പോഴും എന്‍റെ കണ്ണ് തുറപ്പിക്കുന്നവയായിരുന്നു. അക്കാലയളവില്‍ ഞങ്ങളുടെ നന്മയെക്കരുതി നിന്നവര്‍ ഉണ്ടായിരുന്നു. പോംവഴികളെക്കുറിച്ച് ആലോചിച്ചവര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍.എം.ബാദുഷയെപ്പോലെയുള്ളവര്‍.

പക്വത എന്നാല്‍ മനസ്സിലുള്ള കാര്യങ്ങള്‍ മാന്യമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവാണ്. ഇതുപോലുള്ള അവസ്ഥകളില്‍ നിന്ന് നമ്മള്‍ എങ്ങനെ വളരുന്നുവെന്നാണ് ആ പക്വതയുടെ അളവ്. ഉപായങ്ങള്‍ പറയാതെ മാറ്റങ്ങള്‍ യാഥാര്‍ഥ്യമാക്കുമ്പോഴാണ് നമ്മള്‍ പക്വത കൈവരിക്കുന്നത്. പ്രിയപ്പെട്ട മേജര്‍ നിങ്ങള്‍ക്ക് ഞാന്‍ ആയുരാരോഗ്യ സൗഖ്യവും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നു. ഭാവിയിലും ഒന്നിച്ചുളള യാത്ര അര്‍ഥവത്താവട്ടെ.

Life, in its truest sense, takes us by surprise every now and then. It was indeed an overwhelming, humbling, emotional…

Posted by Unni Mukundan on Monday, June 11, 2018

Top