മര്‍ദ്ദിച്ച് അവശയാക്കി ഭാര്യയെ കുളത്തില്‍ തള്ളി; കാണാതായെന്ന് പറഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം ഒന്നുമറിയാത്തതു പോലെ യുവാവിന്റെ തിരച്ചിലും; ഒടുവില്‍ സംഭവങ്ങളുടെ ചുരുളഴിഞ്ഞപ്പോള്‍..!

നെടുങ്കണ്ടം: ഭര്‍തൃഗൃഹത്തില്‍ നിന്നും രാത്രിയോടെ കാണാതായ യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. രാത്രി ഉറങ്ങാന്‍ കിടന്ന കവുണ്ടി തുണ്ടത്തില്‍ വിഷ്ണുവിന്റെ ഭാര്യ ഉണ്ണിമായയെയാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ കാണാതായതും പിന്നീട് സമീപത്തെ കുളത്തില്‍ നിന്നും ജീവനറ്റ നിലയില്‍ കണ്ടെത്തിയതും. പിന്നീട് നടന്ന അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തുകയായിരുന്നു.

ഉണ്ണിമായയെ കൊന്ന് കുളത്തില്‍ തള്ളിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം ഒന്നുമറിയാത്ത പോലെ തിരച്ചില്‍ നടത്തുകയായിരുന്നു വിഷ്ണുവെന്ന് തെളിഞ്ഞു. കാണാതായ ഉണ്ണിമായയ്ക്കായി വിഷ്ണുവും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി 11.45ഓടെ മൃതദേഹം അടുത്ത പുരയിടത്തിലെ പടുതാക്കുളത്തില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിച്ച ബന്ധുക്കള്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഭര്‍ത്താവ് വിഷ്ണു സ്ഥിരമായി വീട്ടില്‍ വഴക്കുണ്ടാക്കുകയും ഉണ്ണിമായയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കി. സംഭവദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും വിഷ്ണു ഉണ്ണിമായയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഉണ്ണിമായയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉണ്ണിമായയുടെ തലയില്‍ ആഴത്തിലുള്ള മുറിവുണ്ടെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പോലീസ് പടുതാക്കുളം വറ്റിച്ച് തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. തെരച്ചിലില്‍ പടുതാക്കുളത്തിന്റെ അടിയില്‍ കരിങ്കല്ല് കഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തു. അതില്‍ തലയിടിച്ചാവാം തല പൊട്ടിയതെന്നായിരുന്നു പ്രാഥമിക നിഗമനം. ഇയാള്‍ മര്‍ദ്ദിച്ച് കുളത്തില്‍ തള്ളിയിട്ട് കൊന്നതാണെന്നും സംശയമുണര്‍ന്നിട്ടുണ്ട്.

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി വിഷ്ണുവിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഉണ്ണിമായ പത്തുമണിയോടെ ഉറങ്ങാന്‍ കിടന്നുവെന്നും പിന്നീട് നോക്കിയപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു ഭര്‍ത്താവ് വിഷ്ണു പോലീസിനോട് പറഞ്ഞത്.

Top