ഉപയോഗശൂന്യമായ മരുന്നുകള്‍ തിരികെ ഫാര്‍മസികളില്‍ ഏല്‍പ്പിക്കണം: ഡി.എച്ച്.എ.

ദുബായ്: ഉപയോഗശൂന്യമായ മരുന്നുകള്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് (ഡി.എച്ച്.എ.) കീഴിലെ ഫാര്‍മസികളില്‍ ഏല്‍പ്പിക്കുകയാണ് ഉചിതമെന്ന് അധികൃതര്‍. ശരിയായ രീതിയില്‍ നശിപ്പിക്കാതെ മരുന്നുകള്‍ പ്രകൃതിയില്‍ കലര്‍ത്തുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അലി സെയ്ദ് ചൂണ്ടിക്കാട്ടി. അതോറിറ്റിക്ക് കീഴില്‍ തുടരുന്ന ‘ക്ലീന്‍ യുവര്‍ മെഡിസിന്‍ കാബിന്‍’ കാമ്പയിനിന്റെ ഭാഗമായി ട്വിറ്റര്‍ മുഖേന നടത്തിയ സ്മാര്‍ട്ട് ക്ലിനിക്കിലാണ് ഡോ. അലി സെയ്ദ് മരുന്നുകള്‍ ശരിയായ രീതിയില്‍ നശിപ്പിക്കേണ്ടതിനെ ക്കുറിച്ച് വിശദീകരിച്ചത്.

ഉപയോഗിക്കാത്ത മരുന്നുകള്‍ ശേഖരിച്ച് വിതരണം ചെയ്യുകയും ഉപയോഗശൂന്യമായവ ശേഖരിച്ച് നശിപ്പിക്കുകയും ചെയ്യുന്ന കാമ്പയിന് തുടക്കമിട്ടത് 2011-ലാണ്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെയും റാഷിദ്, ലത്തീഫ, ഹത്ത, ദുബായ് ആസ്പത്രികളിലെയും ഫാര്‍മസികള്‍ മുഖേനയുമാണ് മരുന്നുകള്‍ ശേഖരിക്കുന്നത്. മരുന്നുകള്‍ ശരിയാംവണ്ണം നശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ ചട്ടം അനുസരിച്ച് വിദഗ്ധര്‍ മേല്‍നോട്ടം നല്‍കും.

Loading...

മരുന്നുകള്‍ മാലിന്യക്കൂട്ടത്തില്‍ തള്ളുന്നതും മണ്ണിലും വെള്ളത്തിലുമൊക്കെ കലര്‍ത്തുന്നതും പരിസ്ഥിതിക്ക് ഏറെ ദോഷം ചെയ്യും. മാത്രമല്ല, കാലാവധി കഴിഞ്ഞ മരുന്നുകള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഗുണനിലവാരം നഷ്ടപ്പെട്ടവയില്‍ വിഷാംശങ്ങള്‍ രൂപപ്പെടാന്‍ വരെ സാധ്യതയുണ്ട്. 25 ഡിഗ്രി സെല്‍ഷ്യസിന് താഴെയുള്ള ഊഷ്മാവില്‍, ഈര്‍പ്പവും വെളിച്ചവും കടക്കാത്തവിധം വേണം മരുന്നുകള്‍ സൂക്ഷിക്കാന്‍. വേനല്‍ക്കാലത്ത് ശീതീകരിച്ച മുറികളാണ് ഏറ്റവും സുരക്ഷിതം. ആന്റി ബയോട്ടിക്കുകളുടെ കാര്യത്തില്‍ പ്രത്യേക കരുതലെടുക്കേണ്ടതുണ്ട്. ഇവ റഫ്രിജറേറ്ററിനകത്ത് രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവില്‍ സൂക്ഷിക്കുകയാണ് ഉചിതം. കുട്ടികള്‍ക്ക് എത്താത്തിടത്തായിരിക്കണം മരുന്നുകളുടെ സ്ഥാനമെന്നും ഡോ. അലി സെയ്ദ് സ്മാര്‍ട്ട് ക്ലിനിക്കില്‍ വിശദീകരിച്ചു. താഴിട്ട് പൂട്ടി ഭദ്രമാക്കാത്ത വലിപ്പുകളിലും അലമാരകളിലും മരുന്നുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണം. മരുന്നു കഴിക്കേണ്ടവര്‍ പ്രത്യേക അലാറം സെറ്റ് ചെയ്ത് കൃത്യമായ ഇടവേളകള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. ആന്റി ബയോട്ടിക്കുകള്‍ കഴിച്ചുതുടങ്ങിയാല്‍ ഡോസുകള്‍ പൂര്‍ത്തിയാക്കണം. കരള്‍, വൃക്ക രോഗികള്‍ മരുന്ന് എഴുതുംമുമ്പ് ഡോക്ടറോട് തങ്ങളുടെ ആരോഗ്യാവസ്ഥ വ്യക്തമാക്കണം. കുട്ടികളുടെ മരുന്നുകള്‍ അവരുടെ വയസ്സിനും തൂക്കത്തിനും അനുസരിച്ചായിരിക്കും. അതുകൊണ്ടുതന്നെ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്. വേദനാ സംഹാരികള്‍ അമിതമായി കഴിക്കാന്‍ പാടില്ല. കണ്ണില്‍ ഒഴിക്കുന്ന മരുന്നുകള്‍ തുറന്നതിന് ശേഷം ഒരു മാസത്തിലധികം സൂക്ഷിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

വെറുതെ കിടക്കുന്നതും എന്നാല്‍ ഉപയോഗ യോഗ്യമായതുമായ മരുന്നുകള്‍ കാമ്പയിന്റെ ഭാഗമായി ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അഞ്ച് ലക്ഷം ദിര്‍ഹമിന്റെ മരുന്നുകള്‍ പ്രതിമാസം ലഭിക്കുന്നുണ്ടെന്നും ഡി.എച്ച്.എ. വ്യക്തമാക്കി. സ്മാര്‍ട്ട് ക്ലിനിക്ക് ട്വിറ്റര്‍ വഴി 68,000 പേരിലെത്തിക്കാന്‍ കഴിഞ്ഞതായും അധികൃതര്‍ അറിയിച്ചു.