ഉത്തര്‍പ്രദേശില്‍ ക്രൂരപീഡനത്തിന് ഇരയായി ചികിത്സയില്‍ കഴിഞ്ഞ പെണ്‍കുട്ടി മരിച്ചു

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെണ്കുട്ടി മരിച്ചു. ക്രൂര പീഡനത്തിന് ശേഷം നാവു മുറിച്ച് മാറ്റിയ നിലയിലായിരുന്നു പെണ്കുട്ടിയെ കണ്ടെത്തിയത്. ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ നല്‍കി വരുന്നതിനിടെയാണ് മരണം. കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയമാണെന്ന് വീണ്ടും തെളിയിക്കുകയാണ് ഉത്തര്‍പ്രദേശ്. ജീവന് വേണ്ടി രണ്ട് ആഴ്ച മല്ലിട്ട ശേഷം യുപിയിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനും ക്രൂര മര്‍ദനത്തിനും ഇരയായ ദളിത് പെണ്കുട്ടി ഒടുവില്‍ മരണത്തിന് കീഴടങ്ങി.

ഈ മാസം 14നായിരുന്നു രാജ്യത്തെ ഞെട്ടിച്ച പീഡനം. അമ്മയ്‌ക്കൊപ്പം പുല്ലുവെട്ടാന്‍ പോയ 19 വയസുകാരിയായ പെണ്കുട്ടിയെ കാണാതാവുകയായിരുന്നു.പിന്നീട് നടത്തിയ തെരച്ചിലില്‍ പീഡിപ്പിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജാതി വിരോധത്തിന്റെ പേരിലായിരുന്നു പീഡനം. പ്രദേശത്ത് ദളിത് വിഭാഗക്കാര്‍ക്ക് നേരെ ഉന്നത ജാതിക്കാര്‍ ആക്രമിക്കുന്നത് തുടര്‍ക്കഥയാണ്. ബലാത്സംഗത്തിനുശേഷം അക്രമികള്‍ യുവതിയുടെ നാവ് മുറിച്ചുമാറ്റിയിരുന്നു. സുഷ്മന നാഡിക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ആദ്യം അലിഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.

Loading...

എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിച്ചു. പെണ്കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം, കൊലപാതക ശ്രമം, പട്ടിക ജാതിക്കാര്‍ക്ക് എതിരായ അതിക്രമം തടയല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു അറസ്റ്റ്. പെണ്കുട്ടി മരിച്ച സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൊലകുറ്റം ചുമത്തും. സംഭവത്തില്‍ യു പി സര്‍ക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്ത് എത്തി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും സ്ത്രീകള്‍ സുരക്ഷിതര്‍ അല്ലെന്നും അവര്‍ ആരോപിച്ചു.