യുപിയില്‍ വീണ്ടും കൂട്ട ബലാത്സംഗം, 22കാരിയെ മയക്കുമരുന്ന് കുത്തിവച്ച് കൂട്ടമാനഭംഗം ചെയ്തു, കാലുകള്‍ തല്ലി ഒടിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. ബല്‍റാംപൂരില്‍ ബലാത്സംഗത്തിനിരയായ ദളിത് വിദ്യാര്‍ത്ഥിനി മരിച്ചു. കോളേജില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴി ഒരു സംഘം ആളുകള്‍ 22കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മയക്കുമരുന്ന് കുത്തിവെച്ച ശേഷം ആയിരുന്നു പീഡനം. ബലാത്സംഗത്തിന് ശേഷം യുവതിയുടെ ഇരു കാലുകളും അക്രമികള്‍ തല്ലി ഒടിച്ചു. പെണ്‍കുട്ടിയെ ഒടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരെ പെണ്‍കുട്ടിക്ക് നേരത്തെ പരിചയം ഉണ്ടെന്ന് പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പത്തൊമ്പതുകാരി മരിച്ചിരുന്നു. ഡല്‍ഹി എയിംസില്‍ വിദഗ്ദ്ധ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ 14ാം തിയതിയായിരുന്നു സംഭവം ഉണ്ടായത്. പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഹത്‌റാസിലാണ് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഈ വാര്‍ത്തക്ക് പിന്നാലെയാണ് വീണ്ടും ഉത്തര്‍പ്രദേശില്‍ നിന്നും ദളിത് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി മരണപെട്ട വാര്‍ത്ത പുറത്തുവരുന്നത്.

Loading...