ഉര്‍വ്വശിയും തിരിച്ചെത്തുന്നു ; വിനീത് ശ്രീനിവാസന്‍ ചിത്രത്തിലൂടെ

മലയാള സിനിമയിലെ പഴയ നായികമാരെല്ലാം ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങി എത്തിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ട് നിന്നവരും മലയാളത്തില്‍ നിന്ന് ഇടവേളയെടുത്ത് താരങ്ങളുമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ ശാന്തി കൃഷ്ണ മലയാളത്തിലേക്ക് മടങ്ങി എത്തിയിരുന്നു. മലയാളം വിട്ട് തമിഴില്‍ സജീവമായ ഉര്‍വ്വശിയും ചെറിയ ഇടവേളയ്ക്ക് ശേഷം മടങ്ങി എത്തുകയാണ്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിലൂടെയാണ് ഉര്‍വ്വശി മടങ്ങിയെത്തുന്നത്.

Loading...

അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വ്വശി മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഉര്‍വ്വശി അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ എം മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് അരവിന്ദന്റെ അതിഥികള്‍.

ഉര്‍വ്വശി മാത്രമല്ല ശാന്തി കൃഷ്ണയും അരവിന്ദന്റെ അതിഥികളില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്നുണ്ട്. ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഷമ്മി തിലകന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഉര്‍വ്വശിയുടെ കഥാപാത്രത്തേക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

ദിലീപ് ചിത്രം ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ നിഖില വിമലാണ് ചിത്രത്തിലെ നായിക. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് നിഖില ഇപ്പോള്‍ അഭിനയിക്കുന്നത്. നിഖിലയുടേയും മടങ്ങി വരവാണ് ഈ ചിത്രത്തിലൂടെ സംഭവിക്കുന്നത്.