മിസൈലുകളേയും ഡ്രോണുകളേയും ശത്രുവിമാനങ്ങളേയും തകർക്കാൻ ശേഷിയുള്ള അത്യാധുനിക ലേസർ ആയുധങ്ങൾ! 2023 ഓടെ അമേരിക്കൻ വ്യോമസേനയുടെ ഭാഗമാകുമെന്നും തുടർന്ന് യുദ്ധത്തിൽ ഉപയോഗിച്ചു തുടങ്ങുമെന്നും റിപ്പോർട്ട്. ആയുധം എന്നതിനൊപ്പം യുദ്ധവിമാനങ്ങളുടെ പ്രതിരോധ കവചമായും ലേസറിനെ ഉപയോഗിക്കാം. ലേസർ ആയുധങ്ങൾ ഉപയോഗിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളും പുറത്തിറക്കും. അമേരിക്കയിലെ ആർമി റിസർച്ച് ആൻഡ് ടെക്‌നോളജിയുടെ ഡെ. അസിസ്റ്റന്റ് സെക്രട്ടറി മേരി ജെ മില്ലറാണ് ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ രഹസ്യമായി, വിജയകരമായി നടത്തി. ലേസർ ആയുധങ്ങൾ സേനയ്ക്ക് കൈമാറുന്നതിനു മുൻപ് കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

ലേസർ ആയുധങ്ങൾ വഹിക്കാൻ കഴിയുന്ന യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അമേരിക്കൻ എയർഫോഴ്‌സ് റിസർച്ച് ലബോറട്ടറി (എഎഫ്ആർഎൽ)യാണ് 2020 ഓടെ ലേസർ ആയുധങ്ങൾ ഘടിപ്പിച്ച യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നത്. ആയുധത്തിനൊപ്പം പ്രതിരോധ കവചമായും അമേരിക്കൻ യുദ്ധവിമാനങ്ങൾ ലേസറിനെ ഉപയോഗിക്കും.

Loading...

laser-weapon-1

അത്യാധുനിക ആയുധങ്ങളുടെ ശ്രേണിയിലാണ് ലേസർ ആയുധങ്ങൾ കണക്കാക്കപ്പെടുന്നത്. യുദ്ധരംഗത്ത് നിർണ്ണായകമായ മാറ്റങ്ങൾക്ക് ഈ ലേസർ ആയുധങ്ങൾ വഴിവെക്കും. ‘വ്യത്യസ്ഥ ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ളതാണ് ലേസർ ആയുധങ്ങൾ. ലേസർ ആയുധങ്ങൾ ഘടിപ്പിച്ച വിമാനങ്ങൾ ഏറെ വൈകാതെ പരീക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്’ എഎഫ്ആർഎൽ(അമേരിക്കൻ എയർഫോഴ്‌സ് റിസർച്ച് ലബോറട്ടറി) ചീഫ് എഞ്ചിനീയർ കെല്ലി ഹാംലെറ്റ് പറയുന്നു.

laser-weapon

അമേരിക്കൻ നാവികസേനയുടെ ഭാഗമായുള്ള യുഎസ്എസ് പോൻസ് എന്ന പടക്കപ്പലിൽ ലേസർ ആയുധങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ചെറുബോട്ടുകളേയും ഡ്രോണുകളേയും ചെറുവിമാനങ്ങളേയും തകർക്കാനുള്ള ശേഷി ഈ ലേസർ ആയുധങ്ങൾക്കുണ്ട്. ഈ ലേസർ ആയുധത്തേക്കാൾ ശേഷിയും കൃത്യതയുമുള്ള ആയുധമാണ് യുദ്ധവിമാനങ്ങളിൽ പരീക്ഷിക്കുക. 360 ഡിഗ്രിയിൽ ഏത് ഭാഗത്തേക്കും പ്രയോഗിക്കാൻ യുദ്ധവിമാനങ്ങളിൽ സ്ഥാപിക്കുന്ന ഈ ലേസർ ആയുധത്തിനാകും.

ആയുധം എന്നതിനൊപ്പം യുദ്ധവിമാനങ്ങളുടെ പ്രതിരോധ കവചമായും ലേസറിനെ ഉപയോഗിക്കാനും പദ്ധതിയുണ്ട്. യുദ്ധവിമാനങ്ങളെ പൊതിഞ്ഞുകൊണ്ടുള്ള ആവരണമായി പ്രതിരോധം തീർക്കുകയാണ് ഈ ലേസർ കവചത്തിന്റെ ചുമതല. യുദ്ധവിമാനങ്ങൾക്ക് നേരെ വരുന്ന മിസൈലുകളേയും ശത്രുവിമാനങ്ങളേയുമെല്ലാം തകർക്കാൻ ഈ ലേസർ കവചത്തിനാകും. നിലവിലുള്ളതിന്റെ പത്ത് മടങ്ങ് ചെറിയ 150 കിലോവാട്ട് ശേഷിയുള്ള ലേസർ ആയുധം നിർമ്മിക്കുകയാണ് ആയുധനിർമ്മാതാക്കൾക്ക് മുന്നിലെ വെല്ലുവിളി.

laser-weapon-3

മിസൈലുകളേയും ഡ്രോണുകളേയും ശത്രുവിമാനങ്ങളേയും തകർക്കാൻ ശേഷിയുള്ളതായിരിക്കും ഈ ലേസർ ആയുധങ്ങൾ. മിസൈലുകളേക്കാളും വിമാനവേധ തോക്കുകളേക്കാളും ചിലവു കുറഞ്ഞതാണെന്നതും ലേസർ ആയുധങ്ങൾക്ക് സൈന്യത്തിലെ പ്രാധാന്യം വർധിപ്പിക്കുന്നു. ഹൈ എനർജി ലിക്വിഡ് ലേസർ ഏരിയ ഡിഫൻസ് സിസ്റ്റം (ഹെല്ലാഡ്‌സ്) എന്ന് പേരിട്ടിരിക്കുന്ന ആയുധം 2020 ആകുമ്പോഴേക്കും പ്രവർത്തന ക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.