അമേരിക്കയില്‍ അതിശൈത്യം തുടരുന്നു

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. അടുത്ത ദിവസങ്ങളില്‍ റെക്കോഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുത്ത ദിവസങ്ങളാണ് ഈയാഴ്ചയിലുണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ നാലിലൊന്നു ഭാഗങ്ങളിലും നാളെ മൈനസ് ഇരുപതില്‍ താഴെയാകും താപനില. ഇന്നു നടക്കുന്ന ഹിമപാതത്തെ തുടര്‍ന്ന് അടുത്ത രണ്ടു ദിവസങ്ങളില്‍ മധ്യ അമേരിക്കയിലും വടക്കു കിഴക്കന്‍ പ്രദേശങ്ങളിലും അതി ശൈത്യം അനുഭവപ്പെടും. അമേരിക്കയുടെ തെക്കന്‍ സംസ്ഥാനങ്ങളിലും നാളെ മഞ്ഞു വീഴ്ചയുണ്ടാകും.

തുറന്ന സംസാരങ്ങളില്‍ അധികം സംസാരിക്കാതിരിക്കണമെന്നും ദീര്‍നിശ്വാസങ്ങള്‍ പോലും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്. മൈനസ് പതിനഞ്ചില്‍ താഴെയാകും താപനില. വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പോലും കഴിയാത്തത്ര തുപ്പായിരിക്കും ഇത്. ആറു കോടിയോളം ജനങ്ങളാണ് അതിശൈത്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലുള്ളത്.

അതിശൈത്യത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കും ഗവണ്‍മെന്റ് ഓഫീസുകള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ആയിരത്തോളം വിമാന സര്‍വ്വീസുകളും റദ്ദ് ചെയ്തു. ഉത്തര ധ്രുവത്തില്‍നിന്നുള്ള തണുപ്പ് കൂടിയ കാറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തുന്ന പോളാര്‍ വോര്‍ട്ടക്‌സ് എന്ന പ്രതിഭാസമാണ് അമേരിക്കയിലെ ഈ ആഴ്ചത്തെ ഏറ്റവും കുറഞ്ഞ താപനിലക്ക് കാരണം.