അമേരിക്ക അഫ്ഗാനില്‍ ഉപേക്ഷിച്ച ആയുധങ്ങള്‍ ഇന്ത്യയ്ക്ക് ഭീഷണിയോ; താലിബാനുമായി ചേര്‍ന്ന് പാക് ആക്രമണമുണ്ടാകുമെന്ന് ആശങ്ക

അഫ്ഗാൻ സൈന്യത്തിന് അമേരിക്ക നൽകിയ നിരവധി ആയുധങ്ങളും വാഹനങ്ങളും ഹെലികോപ്റ്ററുകളും താലിബാൻ പിടിച്ചെടുത്തിരുന്നു. ഇത് ലോകത്തിന് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ്. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണം ആശങ്കയോടെയാണ് ലോക രാജ്യങ്ങൾ നോക്കിക്കാണുന്നത്.പ്രധാനമായും ആശങ്കപ്പെടുത്തുന്ന കാര്യം അഫ്ഗാനിലെ അമേരിക്കൻ ആയുധ ശേഖരണങ്ങൾ തന്നെയാണ്.

അമേരിക്കൻ സേന ഉപേക്ഷിച്ചു പോയ ആയുധങ്ങളും സൈനിക ഉപകരണങ്ങളും പാകിസ്താന്റെ സഹായത്തോടെ താലിബാൻ പുനർ നിർമ്മിച്ചേക്കും എന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്. ഇത്തരത്തിൽ പുനരുപയോഗ സാധ്യമാക്കിയാൽ അത് ഏഷ്യയിൽ ആയുധങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Loading...

അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടു പോകുന്നതിന് മുമ്പ് നിരവധി ആയുധങ്ങളും വാഹനങ്ങളും യുദ്ധ സാമഗ്രികളും നിർവീര്യമാക്കിയിരുന്നു. എന്നാൽ വിവിധ പ്രവിശ്യകളിൽ നിന്ന് താലിബാൻ പിടിച്ചെടുത്ത ആയുധങ്ങൾ, ഹംവീസ്, ബ്ലാക്ക് ഹോക്സ് തുടങ്ങിയവ ഇപ്പോൾ താലിബാന്റെ കൈയിലുള്ളതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. താലിബാൻ പിടിച്ചെടുത്ത ബ്ലാക് ഹോക്സ് ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ തന്നെ പ്രചരിച്ചിരുന്നു.

ബെഗ്രാം എയർബേസിലും കാബൂൾ വിമാനത്താവളത്തിലും അമേരിക്ക ഉപേക്ഷിച്ചു പോയ വിമാനങ്ങളും ഹെലികോപ്റ്ററുകളെക്കുറിച്ചും വിലയിരുത്താൻ വേണ്ടി പാകിസ്താനിൽ നിന്നുള്ള ഉയർന്ന വ്യോമയാന എഞ്ചിനീയർമാരടങ്ങുന്ന സംഘം കാബൂളിൽ എത്തിയതായാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

നിലവിൽ പാകിസ്താന്റെ കൈയിൽ മതിയായ ആയുധങ്ങളില്ല. വാഷിംഗ്ടൺ ഏർപ്പെടുത്തിയ ഉപരോധത്തോടെ പാകിസ്താൻ സൈനിക ഉപകരണങ്ങളുടെ ക്ഷാമം നേരിടുകയാണ്. എന്നാൽ അഫ്ഗാനിസ്താനിൽ അമേരിക്ക ഉപേക്ഷിച്ചു പോയ സൈനിക ഉപകരണങ്ങളിൽ തങ്ങൾക്ക് ആവശ്യമുള്ളവ കണ്ടെത്താനും അത് മാറ്റിയെടുക്കാനും പാക് എഞ്ചിനീയർമാർക്ക് സാധിക്കുമെന്ന് നിലവിലെ കാബൂളിലെ സംഭവ വികാസങ്ങളെ നോക്കിക്കാണുന്ന വിദഗ്ദൻ പറയുന്നു. ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.