ചൈനയിലെ അജ്ഞാത വൈറസ് അമേരിക്കയിലും

വാഷിങ്ടണ്‍: ചൈനയിലെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ഒടുവില്‍ അമേരിക്കയിലും സ്ഥിരീകരിച്ചു. ഒടുവില്‍ അമേരിക്കയും ഭീതിയുടെ നിഴലിലാണ്. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസ്സുകാരനാണ് ചൊവ്വാഴ്ച വൈറസ് സ്ഥിരീകരിച്ചത്. അജ്ഞാത വൈറസായ കൊറോണ ആദ്യം സ്ഥിരീകരിച്ചത് ചൈനയിലെ വൂഹാന്‍ നഗരത്തിലാണ്. ഇവിടെ നിന്നും ജനുവരി 15 നാണ് ഇയാള്‍ അമേരിക്കയിലേക്ക് മടങ്ങിയെത്തിയത്.

ഇതിന് പിന്നാലെ പത്രമാധ്യമങ്ങളില്‍ വന്ന വൈറസ് ബാധയുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ സ്വമേധയാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുകയായിരുന്നെന്ന് അമേരിക്കന്‍ ആരോഗ്യ വിഭാഗ അധികൃതര്‍ വ്യക്തമാക്കി.നിലവില്‍ അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വിവിധ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്.

Loading...

നിലവില്‍ ചൈനയില്‍ അജ്ഞാത വൈറസ് ബാധയില്‍ ഒമ്പത് പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗ ബാധ സ്ഥിരീകരിച്ച മുന്നൂറിലേറെ പേര്‍ ചികിത്സയില്‍ തുടരുകയാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണ്.വൈറസ് ബാധ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുധനാഴ്ച യുഎന്‍ സമിതി പ്രത്യേക യോഗം ചേരുന്നുണ്ട്.

അജ്ഞാത വൈറസിനെത്തുടര്‍ന്ന് ചൈനയില്‍ മരണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കി. കൊച്ചിയടക്കമുള്ള വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.

ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉപദേശമനുസരിച്ചാണ് നടപടി.

ചൈനയില്‍നിന്ന് വരുന്ന വിമാനങ്ങളില്‍ പരിശോധന സംബന്ധിച്ച അനൗണ്‍സ്‌മെന്റ് നടത്തുമെന്നും യാത്രക്കാരെല്ലാം നിശ്ചിത ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. വിവിധ പരിശോധനകള്‍ക്ക് ശേഷം ഇത് കൊറോണ വിഭാഗത്തില്‍പ്പെട്ട വൈറസാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ദിവസങ്ങള്‍ക്ക് ശേഷം വൈറസ് ബാധ കാരണം മരണം സംഭവിച്ചതോടെ ഭീതിയും കൂടി. ആയിരക്കണക്കിന് പേരില്‍ വൈറസ് ബാധ കണ്ടെത്തിയെന്നായിരുന്നു ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.