അമേരിക്ക യുക്രൈനൊപ്പം; ഏകാധിപത്യത്തിന് ജനാധിപത്യം വിജയിക്കുമെന്ന് ജോ ബൈഡന്‍

റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യക്കെതിരായി നടപടികള്‍ കടുപ്പിച്ച് യുഎസ്. പ്രസിഡന്റ് ജോ ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. യുഎസിലെ യുക്രൈന്‍ സ്ഥാനപതിക്ക് യുഎസ് കോണ്‍ഗ്രസിലേക്ക് പ്രത്യേക ക്ഷണമുണ്ട്. പ്രസംഗം കേള്‍ക്കാന്‍ സന്ദര്‍ശക ഗാലറിയില്‍ യുക്രൈന്‍ പ്രതിനിധിയെത്തി.

യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. അമേരിക്കയുടെ നിലപാട് യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണെന്ന് ബൈഡന്‍ യുഎസ് കോണ്‍ഗ്രസില്‍ വ്യക്തമാക്കി. യുക്രൈന് നേരെയുള്ള റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയാണ്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഏകാധിപത്യത്തിന് മേല്‍ ജനാധിപത്യം വിജയിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

അമേരിക്കന്‍ വ്യോമപാതയില്‍ റഷ്യന്‍ വിമാനങ്ങള്‍ക്ക് പ്രസിഡന്റ് ബൈഡന്‍ വിലക്ക് പ്രഖ്യാപിച്ചു. ഇങ്ങനൊരു യുദ്ധമുണ്ടാകുമെന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എല്ലാ ലോകരാജ്യങ്ങള്‍ക്കും അമേരിക്ക കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ബൈഡന്‍ വ്യക്തമാക്കി. ലോകത്തെ പിടിച്ചുകുലുക്കാമെന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കരുതിയത്. പക്ഷേ പുടിന് തെറ്റിപ്പോയി. യുക്രൈനിലേക്ക് സൈന്യത്തെ യുഎസ് അയക്കില്ലെന്ന് ബൈഡന്‍ വീണ്ടും ആവര്‍ത്തിച്ചു. എന്നാല്‍ യുക്രൈനൊപ്പം അമേരിക്കയുണ്ടാകുമെന്ന് യുഎസ് നിലപാട് വ്യക്തമാക്കി.

Loading...

നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് മണ്ണും അമേരിക്ക സംരക്ഷിക്കും. റഷ്യന്‍ ധനികരുടെ സ്വത്തുവകകള്‍ പിടിച്ചെടുക്കാന്‍ പദ്ധതിയുണ്ടെന്നും ബൈഡന്‍ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്നതിനിടെ വ്യക്തമാക്കി. പ്രസിന്റിന്റെ വാക്കുകളെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്.