ഉത്ര വധം, സൂരജിന്റെ സിപിഎം ബന്ധം അന്വേഷണത്തിന് തടസമാകരുതെന്ന് കോണ്‍ഗ്രസ്

ഉത്ര പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇയാളുടെ സിപിഎം ബന്ധം അന്വേഷണത്തിന് തടസമാകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സൂരജിനെ അറസ്റ്റ് ചെയ്തപ്പോള്‍ അയാളെ ന്യായീകരിക്കാനുള്ള ശ്രമം സ്വന്തം നാടായ പറക്കോട്ട് നടന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സൂരജിന് ഇതിന് കഴിയില്ല എന്ന വിധത്തില്‍ ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താകാന്‍ സിപിഎം തയ്യാറായെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

വിവാഹ സമയം സ്ത്രീധനമായി ലഭിച്ച 98 പവനും അഞ്ച് ലക്ഷം രൂപയും കാറും മരണ ശേഷം ഉത്രയുടെ കുടുംബത്തിന് തിരികൈ നല്‍കാതിരിക്കാനും കൂടുതല്‍ തുക തട്ടിയെടുക്കാനായി ഒന്നര വയസുകാരന്‍ മകനെ പിടിച്ചെടുക്കാന്‍ സൂരജ് ശ്രമിച്ചു. ഇതിനായി സിപിഎം പറക്കോട് ലോക്കല്‍ കമ്മറ്റിയിലെ കാരക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ചിരണിക്കല്‍ യൂനിറ്റ് സെക്രട്ടറിയുമായ സൂരജ് അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ പറക്കോട്ടെ ഒരു സി.പി.എം നേതാവിനൊപ്പമെത്തിയിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.

Loading...

വായ്പ തിരിച്ചടയ്ക്കാത്തവരുടെ വാഹനം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടി പിടിച്ചെടുക്കുന്ന സൂരജ് ജില്ലയിലെ പല സി.പി.എം നേതാക്കളുടെയും പ്രിയങ്കരനാണ്. ജില്ല ശിശുക്ഷേമസമിതി ഇടപെട്ട് ഒന്നരവയസ്സുള്ള കുഞ്ഞിനെ സൂരജിന്റെ വീട്ടിലേക്കു കൈമാറിയത് ദുരൂഹമാണ്.

ഇക്കാര്യത്തില്‍ പത്തനംതിട്ടയിലെ ശിശുക്ഷേമസമിതിയുടെ ഇടപെടലുണ്ട്. അധികാരപരിധിയിലെ തര്‍ക്കം കാരണം തിരുവനന്തപുരത്തെ ചില ഉന്നതര്‍ ഇടപെട്ട് കൊല്ലം ശിശുക്ഷേമസമിതിയെ ഇടപെടുവിച്ച് കുഞ്ഞിനെ സൂരജിന് നല്‍കുകയായിരുന്നു. രണ്ട് ശിശുക്ഷേമസമിതികളുടെയും തലപ്പത്ത് സി.പി.എം നേതാക്കളാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സി.പി.എം നേതാക്കളെ കുത്തിനിറച്ച ശിശുക്ഷേമ സമിതികളും വനിത കമീഷനും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഡി.സി.സി ഭാരവാഹികള്‍ പറഞ്ഞു.