ഉത്ര കൊലക്കേസ്; ജനം ആ​ഗ്രഹിക്കുന്നത് സൂരജിന്റെ വധശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

കൊല്ലം: കേരളം കാത്തിരിക്കുന്നത് ഉത്രക്കേസിലെ വിധി എന്താകും എന്നറിയാനാണ്. മിനിറ്റുകൾക്കുള്ളിൽവിധി വരും എന്നാണ് റിപ്പോർട്ടുകൾ. അതേസമയം കേസിൽ പൊതുജനം ആ​ഗ്രഹിക്കുന്നത് സൂരജിന്റെ വധശിക്ഷ ആണെന്നാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് വ്യക്തമാക്കിയിരിക്കുന്നത്. ലോക്കൽ പൊലീസ് നടത്തിയ ശക്തമായ അന്വേഷണത്തെയും അദ്ദേഹം അഭിനന്ദിച്ചു. നിയമപരമായ ബാധ്യതയാണ് താൻ നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സൂരജ് പരമാവധി ശിക്ഷ അർഹിക്കുന്നുണ്ട്. താൻ ഇതുവരെ ഒരു കേസിലും വധശിക്ഷയ്‌ക്ക് വേണ്ടി വാദിച്ചിട്ടില്ല. ഇതാദ്യമായാണ് കോടതിയിൽ അത്തരമൊരു കാര്യം ആവശ്യപ്പെടുന്നത്. ജീവിതത്തിൽ ആദ്യമായാണ് സൂരജിനെപ്പോലെ ഒരു ക്രിമിനലിനെ പരിചയപ്പെടുന്നത്’- ജി മോഹൻരാജ് പറഞ്ഞു.