ഉത്ര കൊലക്കേസ്; ഒന്നാം പ്രതി സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും ജാമ്യം

കൊച്ചി: പാമ്പുകടിയേൽപിച്ച്‌​ ഉത്രയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഭർതൃമാതാവിനും സഹോദരിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ആഗസ്​റ്റ്​ 22ന് അറസ്​റ്റിലായ മൂന്നും നാലും പ്രതികളായ രേണുക, സൂര്യ എന്നിവർക്കാണ് ജസ്​റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തടവിൽ കഴിഞ്ഞ കാലയളവും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളും രണ്ടാം പ്രതിയും ഒന്നാം പ്രതി സൂരജിന്റെ പിതാവുമായ പറക്കോട് സുരേന്ദ്ര പണിക്കർക്ക് ജാമ്യം അനുവദിച്ചതും കണക്കിലെടുത്താണ് ഇരുവർക്കും ജാമ്യം നൽകിയത്. മേയ് ഏഴിനാണ് സൂരജിന്റെ ഭാര്യ ഉത്ര പാമ്ബുകടിയേറ്റ്​ മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്.

Loading...

ഗാർഹിക പീഡനം, തെളിവ് നശിപ്പിക്കൽ, വിശ്വാസ വഞ്ചന, എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു രേണുകയെയും, സുര്യയെയും അറസ്റ്റ് ചെയ്തത്. കേസിൽ മൂന്നും നാലും പ്രതികളാണ് ഇവർ. കൊലപാതകവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചില വൈരുദ്ധ്യങ്ങളെ തുടർന്നാണ് ചോദ്യം ചെയ്യൽ നടന്നത്. ഉത്ര ഗാർഹിക പീഡനത്തിന് ഇരയായതായി വ്യക്തമായ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മരണത്തിന് തൊട്ട് മുൻപ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

സൂരജിൻറെ പിതാവ് സുരേന്ദ്രന് നേരത്തെ ഹൈക്കോടതി കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ആയിരത്തിലധികം പേജുള്ള കുറ്റപത്രത്തിൽ ആസൂത്രിതമായി നടത്തിയ കൊലപാതകം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് തവണ പാമ്പിനെ കൊണ്ട് സൂരജ് ഉത്രയെ കടിപ്പിച്ചിട്ടുണ്ട്. രണ്ട് തവണയും തെളിവ് നശിപ്പിക്കാൻ ഇടപടലുണ്ടായി. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം നടത്തിയത്. കൊലപാതകം, കൊലപാതക ശ്രമം, ഗുരുതരമായി പരിക്ക് ഏൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് സൂരജിന് എതിരെ ചുമത്തിയിട്ടുള്ളത്.