ചാവരുകാവ് ക്ഷേത്രത്തിന്റെയും അര്‍ത്തുങ്കല്‍ പള്ളിയുടെയും സഹായത്താലാണു പാമ്പിനെ പിടിക്കുന്നത്, സൂരജിന് പാമ്പിനെ നല്‍കിയ സുരേഷ്‌കുമാര്‍ പറഞ്ഞിരുന്നത്

കൊല്ലം: ഉത്രയെ കൊലപ്പെടുത്താനായി സൂരജിന് പാമ്പിനെ നല്‍കിയത് കൊല്ലം പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ എസ് ഭവനില്‍ ചാവരുകാവ് സുരേഷ് എന്ന സുരേഷ് കുമാറാണ്. പാമ്പിനെ സൂരജിന് നല്‍കിയത് അച്ഛന്‍ തന്നെയെന്ന് സുരേഷിന്റെ മകന്‍ സനല്‍ വ്യക്തമാക്കി. ബസുകളും, പശു ആട് ഫാമുകളും സ്വന്തമായിട്ടുള്ള ആളാണ് സുരേഷ്. ഇയാള്‍ പാമ്പ് പിടുത്തത്തിന് ഇറങ്ങിയത് പ്രശസ്തി ആഗ്രഹിച്ചായിരുന്നു. പാമ്പിനെ പിടികൂടി ക്യാമറയ്ക്ക് മുന്നിലെത്തി പ്രദര്‍ശിപ്പിക്കുന്നതും പാമ്പിനെ വേദനിപ്പിക്കുന്നതും ഇയാള്‍ക്ക് ഹരമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ചാവരുകാവ് ക്ഷേത്രത്തിന്റെയും അര്‍ത്തുങ്കല്‍ പള്ളിയുടെയും സഹായത്താലാണു തനിക്ക് പാമ്പിനെ പിടികൂടാന്‍ സാധിക്കുന്നത് എന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. പാമ്പിനെ പിടിക്കുന്നതിന്റെയും മറ്റും ദൃശ്യങ്ങള്‍ തന്റെ യുട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിക്കും.

Loading...

കഴിഞ്ഞ ഫെബ്രുവരിയിലാണ് സുരേഷ് കുമാറില്‍ നിന്നും സൂരജ് അണലിയെ കൈമാറിയത്. സൂരജിന്റെ വീട്ടില്‍ വെച്ചാണ് ഈ ഇടപാട് നടന്നത്. പിന്നീട് കരിമൂര്‍ഖനെ പ്ലാസ്റ്റിക് ജാറിലാക്കി ഏനാത്തിന് സമീപം എത്തി സൂരജിന് നല്‍കി. സുരേഷിന്റെ വീഡിയോ സൂരജ് നിരന്തരം കണ്ടിരുന്നു. ഇത്തരത്തില്‍ വിളിച്ച് സൂരജ് സുരേഷിനെ പരിചയപ്പെടുകയായിരുന്നു. 10,000 രൂപ നല്‍കിയാണ് മൂര്‍ഖനെ സൂരജ് സ്വന്തമാക്കിയത്.

ഉത്രയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തന്നെ കൊലപാതകം ആണെന്ന് സംശയിച്ചു. ഇക്കാര്യം അച്ഛനോട് പറഞ്ഞു. എന്നാല്‍ പോലീസില്‍ പറഞ്ഞാല്‍ കേസ് തന്റെ തലയില്‍ ആകുമെന്ന് സുരേഷ്‌കുമാര്‍ പേടിച്ചു. സംഭവത്തില്‍ അച്ഛന്‍ നിരപരാധി ആണെന്നും സനല്‍ വ്യക്തമാക്കി.

സുരേഷ്‌കുമാറിന്റെ വീട്ടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അനധികൃതമായി സൂക്ഷിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ കണ്ടെടുത്തു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസെടുത്തു. ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പിനെ തല്ലിക്കൊന്ന സംഭവത്തില്‍ സൂരജിന്റെയും സുരേഷ്‌കുമാറിന്റെയും പേരില്‍ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. കണ്ടെടുത്ത മൂര്‍ഖന്‍ പാമ്പിനെ വൈദ്യപരിശോധനയ്ക്കുശേഷം വനത്തില്‍ തുറന്നുവിട്ടു.