ഉത്രയുടെ കൊലപാതകം, സൂരജിനെ തെളിവെടുപ്പിനെത്തിച്ചു, വീട്ടില്‍ അരങ്ങേറിയത് വൈകാരിക രംഗങ്ങള്‍

കൊല്ലം: ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയായ ഭര്‍ത്താവ് സൂരജിനെ അഞ്ചലിലെ ഉത്രയുടെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു. ഉത്രയുടെ വീട്ടുകാരെ പോലും അറിയിക്കാതെയായിരുന്നു സൂരജിനെയുമായി അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിയത്. അതേസമയം ഈ സമയം വൈകാരിക സംഭവങ്ങളാണ് വീട്ടില്‍ അരങ്ങേറിയത്. മകളെ കൊന്നവനെ വീട്ടില്‍ കയറ്റരുതെന്ന് പറഞ്ഞ് സൂരജിന്റെ അമ്മയും അച്ഛനും അലമുറയിട്ടു. വീടിനുള്‌ളില്‍ എത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് ഞാന്‍ അല്ല കൊലപാതകി, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സൂരജ് പറഞ്ഞു.

അതേസമയം പാമ്പിനെ കൊണ്ടുവരാനായി ഉപയോഗിച്ച പ്ലാസ്റ്റിക് ജാര്‍ പോലീസ് കണ്ടെടുത്തു. ഉത്രയുടെ വീടിന് സമീപമുള്ള ആളോഴിഞ്ഞ വീടിന്റെ പരിസരത്ത് നിന്നുമാണ് ജാര്‍ കണ്ടെത്തിയത്. സൂരജ് തന്നെയാണ് ജാര്‍ കാട്ടി കൊടുത്തത്. സൂരജുമായി അര മണിക്കൂര്‍ നേരം അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സൂരജിനെ കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

Loading...

മൂന്നുമാസം നീണ്ട ഗൂഡാലോചനക്ക് ശേഷമാണ് 25 കാരിയായ ഉത്രയെ സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയത്. അഞ്ചലില്‍ ഏറം വെള്ളശേരല്‍ വീട്ടില്‍ ഉത്ര കുടുംബവീട്ടിലാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെയും സുഹൃത്തും സഹായിയുമായ കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും അന്വേഷണ സംഘം ഞായറാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊടുംവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു രാവിലെ മരണം ഉറപ്പാക്കുന്നതു വരെ ഭര്‍ത്താവ് സൂരജ് കാത്തിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഉത്രയെ കുടുംബ വീട്ടിലെ മുറിയില്‍ മേയ് ഏഴിനാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മകളെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജ് കൊലപ്പെടുത്തിയതാണെന്നു കാണിച്ച് ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ സിഐക്ക് പരാതി നല്‍കിയിരുന്നു. ഇത് പ്രകാരമാണ് അന്വേഷണം നടന്നത്.