ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ചത് തന്നെ, നിര്‍ണായക തെളിവ് ലഭിച്ചു;ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യും?

കൊല്ലം: ഉറങ്ങിക്കിടന്ന യുവതി പാമ്പ് കടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് സൂചന. ഉത്ര കിടന്ന മുറിയില്‍ പാമ്പിനെ മനപൂര്‍വം കൊണ്ടിട്ടതാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. അത്തരത്തിലുള്ള കാര്യങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ചില നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും സംഘവും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.

ഒപ്പം തന്നെ ഉത്രയുടെ അടുത്ത ബന്ധുക്കളുടെയടക്കം മൊഴിയും രേഖപ്പെടുത്തിയിരുന്നു. മുറിക്കകത്തേക്ക് പാമ്പ് കടക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണസംഘം പരിശോധിച്ചു. മുറിയുടെ ജനാല തുറന്നപ്പോള്‍ അത് വഴി പാമ്പ് കയറിയതായിരിക്കാമെന്നായിരുന്നു ഭര്‍ത്താവ് സൂരജ് പറഞ്ഞത്. എന്നാല്‍ എസി മുറിയുടെ ജനാല വഴി പാമ്പ് കടന്ന് ജനാലയുടെ ഭാഗത്ത് തല വെച്ച് കിടന്ന സൂരജിനെയും കടന്ന് അപ്പുറത്തെ കട്ടിലില്‍ കിടന്ന ഉത്രയെ പാമ്പ് കടിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

Loading...

ഏതായാലും അന്വേഷണ സംഘത്തിന് നിര്‍ണായകമായ മൊഴിയും തെളിവും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. സാഹചര്യത്തെളിവുകള്‍ കൊലപാതകത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഉടന്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.