ഉത്ര വധം; പാമ്പിന്റെ പോസ്റ്റുമോര്‍ട്ടം നടത്തും, ജഡം അല്‍പസമയത്തിനകം പുറത്തെടുക്കും

കൊല്ലം: ഉത്രയെക്കടിച്ച പാമ്പിന്റെ പോസറ്റ്‌മോര്‍ട്ടം ഇന്ന് തന്നെ നടത്തും. ഇതിനായി പാമ്പിന്റെ ജഡം അല്‍പസമയത്തിനകം തന്നെ പുറത്തെടുക്കും. ഫൊറന്‍സിക് സംഘത്തിന്റെ സാന്നിധ്യത്തിലായിരിക്കും ജഡം പുറത്തെടുക്കുക. കേസില്‍ മറ്റ് സാക്ഷികളൊന്നും ഇല്ലാത്തതിനാല്‍ തന്നെ സാഹചര്യത്തെളിവുകളാണ് കേസില്‍ നിര്‍ണായകം. അതുകൊണ്ട് തന്നെ പാമ്പിന്റെ പോസ്‌ററുമോര്‍ട്ടം വളരെയധികം നിര്‍ണായകമാണ്. ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷം ഈ പാമ്പിന്റേതാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. നേരത്തെ തന്നെ സൂരജ് പാമ്പിനെക്കൊണ്ടുവന്ന ജാര്‍ കണ്ടെടുത്തിരുന്നു.

അതേസമയം ഉത്രയുടെ കുഞ്ഞിനെ അല്‍പസമയത്തിനകം തന്നെ ഉത്രയുടെ ബന്ധുക്കള്‍ക്ക് കൈമാറും. സൂരജിന്റെ വീട്ടില്‍ നിന്നും മുന്നൂറു മീറ്റര്‍ അകലെയുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. പോലീസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സൂരജിന്റെ പിതാവ് സുരേന്ദ്രന്‍ പോലീസിനൊപ്പം ചെന്ന് കുട്ടിയെ തിരിച്ചുകൊണ്ടുവന്നു.

Loading...

കുട്ടിയെ ഉത്രയുടെ കുടുംബത്തിന് വിട്ടുകൊടുക്കാന്‍ ഇന്നലെയാണ് ശിശുക്ഷേമസമിതി നിര്‍ദേശം നല്‍കിയത്. ഇതോടെ ഇന്നലെ വൈകിട്ടാണ് അഞ്ചല്‍, അടൂര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ ഉത്തരവുമായി സൂരജിന്റെ വീട്ടിലെത്തിയപ്പോളാണ് കുഞ്ഞിനെയും മുത്തശ്ശിയേയും കാണ്‍മാനില്ലെന്ന് അറിഞ്ഞത്. ഉത്രയുടെ മരണത്തിനു തൊട്ടുപിന്നാലെ കുഞ്ഞിന്റെ സംരക്ഷണ അവകാശം സൂരജ് ശിശുക്ഷേമ സമിതിയില്‍ നിന്ന് വാങ്ങിയിരുന്നു. എന്നാല്‍ കുഞ്ഞിനെ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ക്കൊപ്പം കഴിയാന്‍ അനുവദിക്കുന്നത് ശരിയല്ലെന്നും കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും കാണിച്ച് ഉത്രയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു.