ഉത്രയെ ഞാന്‍ കൊന്നിട്ടില്ല, ഉത്രയുടെ വീട്ടില്‍ കുപ്പി കൊണ്ടുവച്ചത് പൊലീസാണ്,മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് സൂരജ്

പത്തനംതിട്ട: ഉത്ര കൊലപാതകത്തില്‍ മുഖ്യപ്രതിയായ ഭര്‍ത്താവ് സൂരജിനെ അടൂര്‍ പറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. നാടകീയ രംഗങ്ങളായിരുന്നു സൂരജിന്റെ വീട്ടിലെ തെളിവെടുപ്പിനിടെ നടന്നത്. തെളിവെടുപ്പിനിടെ സൂരജ് വീണ്ടും കുറ്റം നിഷേധിക്കുകയാണ് ചെയ്തത്. ഉത്രയെ താന്‍ കൊന്നിട്ടില്ലെന്നും ഉത്രയുടെ വീട്ടില്‍ കുപ്പി കൊണ്ടു വെച്ചത് പൊലീസ് ആണെന്നുമായിരുന്നു സൂരജ് മാധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല പൊലീസ് തന്നെ മര്‍ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്നും സൂരജ് മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.

ഉത്രയെ കൊല്ലാനായി പാമ്പിനെക്കൊണ്ടുവന്ന കുപ്പി പൊലീസ് കൊണ്ടുവെച്ചതാണെന്നാണ് സൂരജ് പറയുന്നത്. എന്നാല്‍ ഇന്നത്തെ തെളിവെടുപ്പില്‍ നിന്നും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം ലഭിക്കുന്നത്. എന്നാല്‍ നേരത്തെ താനാണ് ഉത്രയെ കൊന്നതെന്ന് സൂരജ് പൊലീസിനോട് വ്യക്തമാക്കിയിരുന്നു. സ്വത്ത് മോഹിച്ചുകൊണ്ടാണ് ഈ കൊലപാതകം നടത്തിയതെന്നും സൂരജ് വ്യക്തമാക്കിയിരുന്നു. ഉത്രയുടെ വീട്ടില്‍ നിന്ന് നിരന്തരം പണവും സ്വത്തും തേടിയപ്പോള്‍ പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നും വിവാഹമോചനം ഭയന്നുകൊണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഉത്രയെ കൊന്നതെന്നുമായിരുന്നു സൂരജ് മൊഴി നല്‍കിയിരുന്നത്.

Loading...

അതേസമയം ഉത്ര കൊലക്കേസില്‍ സൂരജ് വളരെ എളുപ്പത്തില്‍ പുറത്തെത്തിയേക്കും. ദൃക്‌സാക്ഷികള്‍ ഒന്നും ഇല്ലാത്തത് സൂരജിന് ഗുണമാണ്. മാത്രമല്ല കൊലക്കേസില്‍ തെളിവു ശേഖരണത്തിന് വെല്ലുവിളികളും അധികമാണ്. തെളുവു ശേഖരണം കൂടുതല്‍ ശാസ്ത്രീയമാക്കുകയാണ് അന്വേഷണ സംഘം.