ഉത്രക്കൊലക്കേസ്;ലക്ഷ്യം സാമ്പത്തികം തന്നെ, ലോക്കറില്‍ സ്വര്‍ണമുണ്ടോയെന്ന പരിശോധന നടത്തി

അഞ്ചല്‍:ഉത്ര കൊലപാതത്തിൽ അന്വേഷണ സംഘം ബാങ്ക് ലോക്കർ പരിശോധന പൂർത്തിയാക്കി. 10 പവൻ സ്വർണ്ണം ലോക്കറിൽ നിന്ന് കണ്ടെത്തി. പരിശോധന പൂർത്തിയാക്കിയ ശേഷം പ്രതി സൂരജിനെയും ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി.ഉത്രവധക്കേസിൽ ഭർത്താവ് സൂരജ്‌ ലക്ഷ്യമിട്ടത് സാമ്പത്തികമായിരുന്നുവെന്നു തെളിയിക്കുന്നതിനുള്ള നിർണായക വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഉത്രയുടെ വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങൾ സൂരജിൻ്റെയും ഉത്രയുടെയും പേരിലെടുത്ത ബാങ്ക് ലോക്കറിൽ ഉണ്ടോ എന്നറിയാനാണ് ലോക്കർ തുറന്ന് പരിശോധന നടത്തിയത്.

10 പവൻ ആഭരണങ്ങൾ അടൂരിലെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തി. 6 പവൻ സ്വർണ്ണം ഈടായി കാണിച്ച് കാർഷിക വായ്പ എടുത്തതായും തെളിഞ്ഞു.നേരത്തെ മുപ്പത്തി ഏഴര പവൻ സ്വർണ്ണം പറമ്പിൽ കുഴിച്ചിട്ടത് സൂരജിന്‍റെ അച്ഛൻ സുരേന്ദ്രൻ കാണിച്ചുകൊടുത്തിരുന്നു. ശേഷിക്കുന്ന സ്വർണ്ണാഭരണങ്ങളിൽ ചിലത് ഉത്രയുടെ വീട്ടുകാർക്ക് കൈമാറി എന്നാണ് മൊഴി. 90 പവൻ സ്വർണ്ണം വിവാഹ സമയത്ത് നൽകിയെന്നാണ് വിവാഹ രേഖകളിൽ കാണിച്ചിരിക്കുന്നത്. ശേഷിക്കുന്ന സ്വർണ്ണം വിനിയോഗിച്ചതിന്‍റെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

Loading...

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എഅശോകിന്‍റെ നേതൃത്വത്തിൽ ഉച്ചയ്ക്ക് ബാങ്കിൽ ആരംഭിച്ച പരിശോധന വൈകിട്ട് 4 മണി വരെ നീണ്ടു നിന്നു. പിന്നീട് സൂരജിനെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. അമ്മക്കും സഹോദരിക്കും കൊലപാതകം, ഗൂഡാലോചന ഉൾപ്പെയുള്ള കാര്യങ്ങളിൽ പങ്കാളിത്തമുണ്ടോ എന്നറിയാൻ വെള്ളിയാഴ്ച വീണ്ടും ചോദ്യം ചെയ്യും.