ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹ ജീവിതം പദ്ധതിയിട്ട് സൂരജ്: സൂരജിന്‍റെ കുടുംബത്തിന് പങ്കുണ്ടോ എന്നും സംശയം

കൊല്ലം: ഏറം വെള്ളശേരിൽ വീട്ടിൽ ഉത്ര(25)യെ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് സൂരജ് കുറ്റമേറ്റു പറഞ്ഞു. അതേസമയം ഉത്രയുടെ മരണത്തിൽ സംശയ നിഴലിലാണ് സൂരജിന്‍റെ പത്തനംതിട്ട പറക്കോട്ടെ കുടുംബം. ഭർത്താവ് സൂരജിന്‍റെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം കൊല്ലാൻ ശ്രമം നടത്തിയത്. മാർച്ച് 2 ന് രാത്രി എട്ട് മണിക്കാണ് ഉത്രക്ക് ആദ്യം പാമ്പുകടിയേൽക്കുന്നത്. ആദ്യം പാമ്പുകടിയേറ്റപ്പോൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതടക്കം ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിച്ചേക്കും.

എന്നാൽ ഉത്രയെ ജീവിതത്തിൽനിന്നൊഴിവാക്കി മറ്റൊരു ജീവിതം സൂരജ് ആ​ഗ്രഹിച്ചിരുന്നുവെന്നാണ് വിവരം. ഇതിനു വേണ്ടി ഫെബ്രുവരി 26നാണ് ആദ്യമായി സുരേഷിൽനിന്നു പാമ്പിനെ വാങ്ങുന്നത്. പാമ്പു കടിയേറ്റ് ഉത്ര മരിച്ചെന്ന് ഉറപ്പാക്കുക മാത്രമല്ല, തന്നെ പാമ്പു കടിക്കാതിരിക്കാൻ രാവിലെ വരെ മുറിയിൽ ഉറങ്ങാതെയിരുന്നതായും സൂരജ് പൊലീസിനു മൊഴി നൽകി. അഞ്ചു മാസത്തെ ആസൂത്രണത്തിനൊടുവിലായിരുന്നു കൊലപാതകം.

Loading...

ഉത്രയും സൂരജും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ആവർത്തിക്കുമ്പോഴും ഭർത്താവിന്‍റെ പെങ്ങളുൾപ്പെടെ ഉള്ളവര്‍ക്കെതിരെ ഉത്രയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നുണ്ട്. അതും സംശയങ്ങൾ ബലപ്പെടുത്തുന്നു.‌ സ്ത്രീധനമായി ലഭിച്ച സ്വർണ്ണവും പണവും സ്വന്തമാക്കാനും മറ്റൊരു ജീവിതത്തിനും വേണ്ടിയാണ് ഭാര്യയെ സൂരജ് കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘത്തിന് മൊഴി ലഭിച്ചിരിക്കുന്നത്. ഗാർഹിക പീഡനം ഉത്ര നേരിട്ടിരുന്നോ , കുടുംബാംഗങ്ങൾക്കും കൊലപാതകത്തിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. സൂരജിനെ തെളിവെടുപ്പിന് പറക്കോട്ടെ വീട്ടിലും പാമ്പിനെ കൈമാറിയ എനാത്തും വരും ദിസങ്ങളിലെത്തിക്കും. സൂരജിന്‍റെയും ഉത്രയുടെയും കുഞ്ഞ് ഇവരുടെ പറക്കോട്ടെ വീട്ടിലാണുള്ളത്. 2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രീധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്.