ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പ്: പാമ്പിന്റെ പോസ്റ്റ്മോർട്ടം കഴിഞ്ഞു

കൊല്ലം: ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പ്. പാമ്പിനെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉത്രയുടെ മരണകാരണം സ്ഥിരീകരിച്ചു. കേസിന് ആവശ്യമായ തെളിവുകൾ പാമ്പിനെ പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ കിട്ടിയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. പാമ്പിന്റെ ജീർണ്ണിച്ച ജഡം മാന്തിയെടുത്തപ്പോൾ വിഷപല്ല് ഉൾപ്പടെയുള്ളവ ലഭിച്ചു. പാമ്പിന്റെ മാംസം ജിർണിച്ച അവസ്ഥയിൽ ആയിരുന്നു എന്നും ഡോക്ടർമാർ പറഞ്ഞു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്നതും ചത്ത പാമ്പിന്‍റെ വിഷവും ഒന്നാണോ എന്നതടക്കം കണ്ടെത്താനാണ് സംസ്ഥാനത്ത് ആദ്യമായി, കൊലപാതകം തെളിയിക്കാൻ പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

ഉത്രയുടെ രക്തവും ആന്തരികാവയവങ്ങളുടെ ഭാഗങ്ങളും രാസപരിശോധന ലാബിലുണ്ടായിരുന്നു. ഇത് രണ്ടും ഒത്തുനോക്കിയാണ് വിവരങ്ങൾ സ്ഥിരീകരിച്ചത്. ഉത്രയെ കടിച്ച കരിമൂര്‍ഖനെ അടിച്ചുകൊന്ന് കുഴിച്ചുമൂടിയിരുന്നു . ഇതിനെയാണ് ഇപ്പോള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ചിത്രങ്ങളില്‍ കണ്ട പാമ്പാണോ ഇത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ചു പാമ്പിന്‍റെ നീളം , പല്ലുകളുടെ അകലം എന്നിവയും പാമ്പിന്‍റെ പോസ്റ്റുമോര്‍ട്ടത്തില്‍ പരിശോധനാവിധേയമാക്കി. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന കടിയുടെ ആഴം കണക്കാക്കാനാണ് ഇങ്ങനെ ചെയ്തത്. പാമ്പിന്റെ വിഷവും ഉത്രയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷവും ഒന്നാണോ എന്ന് കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

Loading...

ഇതിനിടെ സൂരജിന്‍റെ രണ്ട് സുഹൃത്തുക്കളെ കൂടി ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. സൂരജിനേയും സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനേയും നാളെ അടൂരിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. അതേസമയം,പാമ്പിനെക്കൊണ്ട് മുറിയില്‍ ഇട്ടതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി ഫോറൻസിക് വിഭാഗം വീട് പരിശോധിക്കും. ഫോറൻസിക് വിഭാഗത്തെ കൂടാതെ വെറ്ററിനറി വിഭാഗം, വനം പൊലീസ് വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത് .