ലക്‌നൗ: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ച വാര്‍ത്തയാണ് പുറത്ത് വരുന്നത്. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ മാസം 18നാണ് മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മന്ത്രി ലക്‌നൗവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്.
ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായതെന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.അതേസമയം കമലാ റാണിയുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു. ജനസമ്മതിയുള്ള നേതാവും പൊതുപ്രവര്‍ത്തകയുമായിരുന്നു കമലാ റാണിയെന്ന് യുപി മുഖ്യമന്ത്രി അനുസ്മരിച്ചു. മന്ത്രിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ അയോധ്യ ക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇന്ന് നിശ്ചയിച്ചിരുന്ന യാത്ര മുഖ്യമന്ത്രി മാറ്റിവച്ചു.