ഉഴവൂർ വിജയൻ ഗുരുതരാവസ്ഥയിൽ ; തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

കൊച്ചി: എൻസിപി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയൻ ഗുരുതരാവസ്ഥയിൽ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പായിരുന്നു അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഒരുമാസം മുമ്പ് പ്രമേഹ ബാധയെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു. നീണ്ട ദിവസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ ഒരാഴ്ച മുമ്പ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു.

കരൾ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മുൻ മന്ത്രി എകെ ശശീന്ദ്രൻ, ടിപി പീതാംബരൻ മാസ്റ്റർ എന്നിവരടക്കമുള്ള നേതാക്കളും ആശുപത്രിയിലെത്തിയിരുന്നു.