കരീമിനെതിരായ അരോപണം എന്തുകൊണ്ട് അന്വേഷിക്കാൻ സർക്കാരിനു ചങ്കൂറ്റം ഇല്ല-വി.എസ് സുനില്‍ കുമാര്‍

റിയാദ്: മലബാര്‍ സിമന്‍റിലെ അഴിമതിയുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് എളമരം കരീമിനെതിരെ ആരോപണമുയര്‍ന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് കേരള സര്‍ക്കാര്‍ അന്വേഷിക്കുന്നില്ളെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ ചോദിച്ചു. സൗദി സന്ദര്‍ശിക്കുന്ന അദ്ദേഹം റിയാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന് ആര്‍ജ്ജവമുണ്ടെങ്കില്‍ ചെയ്യേണ്ടത് അതായിരുന്നില്ളേ? പ്രതിപക്ഷത്തിനെതിരെ വീണുകിട്ടുന്ന അവസരം കളഞ്ഞുകുളിക്കുമായിരുന്നോ?
എളമരം കരീമിനുവേണ്ടി നിയമമൊന്നും മാറ്റേണ്ടതില്ല. എല്ലാ നിയമങ്ങളും അദ്ദേഹത്തിനും ബാധകമാണ്. വ്യവസായ മന്ത്രിയായിരിക്കെ അദ്ദേഹം കൈക്കൂലി കൈപ്പറ്റിയതായി മലബാര്‍ സിമന്‍റ്സ് മുന്‍ എം.ഡി എം. സുന്ദരമൂര്‍ത്തി മൊഴി നല്‍കിയിട്ടുണ്ടെങ്കില്‍ അന്വേഷണം നടത്താന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മടിക്കുന്നു?
എന്നാല്‍ സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ത്ത ഈ സര്‍ക്കാറിന് അതിന് കഴിയില്ല. നിയമം നിയമത്തിന്‍െറ വഴിയെ എന്ന് വീമ്പിളക്കാറുള്ള ഉമ്മന്‍ ചാണ്ടി നിയമത്തെ തന്‍െറ വഴിക്ക് നടത്താനാണ് ശ്രമിക്കുന്നത്. കേരളം കണ്ട ഏറ്റവും മര്യാദ കെട്ട സര്‍ക്കാറാണ് ഇത്.
എല്ലാ മൂല്യങ്ങളും ബലികഴിച്ചുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ഈ സര്‍ക്കാറിനെ നയിക്കുന്നത്. മുഖ്യന്ത്രി മുതല്‍ ഏറ്റവും ജൂനിയര്‍ മന്ത്രിയായ അനൂപ് ജേക്കബ് വരെ നടത്തിയ അഴിമതികളുടെ കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മന്ത്രി ബാബുവിനെതിരെ കേസെടുക്കാത്തത് അങ്ങിനെ ചെയ്താല്‍ മാണിക്കും അതുപോലെ മറ്റു പലര്‍ക്കുമെതിരെ നടപടി വേണ്ടിവരും എന്ന് ഭയന്നിട്ടാണ്. അഴിമതിയുടെ ഒരു അച്ചുതണ്ടാണ് കേരളം ഭരിക്കുന്നത്. ഉമ്മന്‍ ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം മാണി എന്ന ആ അച്ചുതണ്ട് എല്ലാ അഴിമതിയെയും സംരക്ഷിക്കാനുള്ളതാണ്.