മുട്ടില്‍ മരംമുറി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രകാശ് ജാവദേക്കറിന് കത്ത് നല്‍കിയെന്ന് വി മുരളീധരന്‍

മുട്ടില്‍ മരംമുറിക്കേസില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന് കത്ത് നല്‍കി. കോടികളുടെ അനധികൃത മരംമുറിക്ക് പിന്നില്‍ ഉന്നതല ഗൂഢാലോചനയുണ്ടെന്ന് വി.മുരളീധരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കം നടക്കുന്നതായി സംശയിക്കുന്നു.

കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തിലൂടെ മാത്രമേ വസ്തുതകള്‍ പുറത്തുകൊണ്ടുവരാനാകൂ എന്ന് കത്തില്‍ പറയുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെയും കേരളത്തിലെ വനം വകുപ്പ് മേധാവിയെയും വിളിച്ചു വരുത്തണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.

Loading...

അതേസമയം, വനംകൊള്ള നടന്ന വയനാട്ടിലെ മുട്ടില്‍ മേഖലയില്‍ വി മുരളീധരന്‍ സന്ദര്‍ശനം നടത്തും. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിന് വേണ്ടിയാണ് സന്ദര്‍ശനം. ബിജെപി നേതാക്കളും അദ്ദേഹത്തിനൊപ്പം സ്ഥലം സന്ദര്‍ശിച്ചേക്കും.