തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഊർജിതമായി തുടർനടപടി ഉണ്ടാകും: ഒരാളെയും വെറുതെ വിടില്ലെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഊർജിതമായി തുടർനടപടി ഉണ്ടാവുമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. കേസിൽ ഊർജിത തുടർനടപടി ഉണ്ടാവുമെന്നും ഒരാളെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാം കേന്ദ്രത്തിനു വിടുന്നു എന്ന മുഖ്യമന്ത്രിയുടെ സമീപനം ശരിയല്ലെന്നും മുരളീധരൻ പറഞ്ഞു.

“കസ്റ്റംസിലെ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥൻ വഴിയിൽ നിന്ന് വിളിച്ച് പറയുന്നതാണോ അങ്ങ് വാർത്താസമ്മേളനത്തിൽ പറയേണ്ടത്? താങ്കളുടെ വലംകയ്യായി പ്രവർത്തിച്ച ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ കേസിൽ സംശയത്തിൻ്റെ നിഴലിലായിരിക്കുന്നത്. സ്വർണക്കടത്തുമായി സർക്കാരിന് എന്താണ് ബന്ധമെന്നാണ് താങ്കൾ ചോദിക്കുന്നത്. താങ്കളുടെ ഐടി വകുപ്പിലെ ഒരു ഉദ്യോഗസ്ഥയാണ് സ്വർണക്കടത്ത് കേസിൽ പ്രതിയായിരിക്കുന്നത്. അത് അങ്ങ് മറച്ച് വെക്കുകയല്ലേ?”- കേന്ദ്രമന്ത്രി ചോദിക്കുന്നു.

Loading...

“വിമാനത്താവളങ്ങൾ കേന്ദ്രത്തിൻ്റെ കീഴിലാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ടാണ് അങ്ങയുടെ വേണ്ടപ്പെട്ടവരുടെ സംരക്ഷണത്തിൽ നടന്ന സ്വർണക്കടത്ത് കയ്യോടെ പിടികൂടിയത്. അക്കാര്യത്തിൽ തുടർ നടപടി ഉണ്ടാവും. അതിൽ ഒരു സംശയവും വേണ്ട. പക്ഷേ, അങ്ങും അങ്ങയുടെ ഏജൻസികളും എന്ത് ചെയ്യുന്നു എന്നാണ് കേരളത്തിലെ ജനങ്ങൾ ചോദിക്കുന്നത്.”- മുരളീധരൻ പറഞ്ഞു. ഒരാളെയും രക്ഷപ്പെടാൻ ഞങ്ങൾ അനുവദിക്കില്ല. കേസിൽ നേരിട്ട് ബന്ധമുള്ളവരെ മാത്രമല്ല. പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയടക്കം നിയമത്തിനു മുന്നിൽ കൊണ്ടുവരും. പക്ഷേ, സംസ്ഥാന സർക്കാരിൽ ചിലർ കേസ് തേച്ചുമാച്ച് കളയാൻ ശ്രമം നടത്തുന്നു. ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് മുഖ്യമന്ത്രിയാണ്. പക്ഷേ, അദ്ദേഹം അതിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ഇത് കേസിൽ ഉൾപ്പെട്ട ചിലയാളുകളെ സംരക്ഷിക്കുന്നതിൽ താങ്കൾക്ക് താത്പര്യമുണ്ടെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.