മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനം ഉറപ്പിക്കാനുള്ള നടപടികൾ എടുക്കണം; മുഖ്യമന്ത്രിയ്ക്കെതിരെ തുറന്നടിച്ച് വി മുരളീധരൻ

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ മാസ് ഡയലോഗുകൾ അവസാനിപ്പിച്ച് ക്രമസമാധാനം ഉറപ്പിക്കാനുള്ള നടപടികൾ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംഘർഷ സമയത്ത് മാളത്തിലൊളിച്ച മുഖ്യമന്ത്രി രാജി വെച്ചൊഴിയണമെന്ന് വി മുരളീധരൻ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് ജനങ്ങളും പൊലീസും ആക്രമിക്കപ്പെടുകയും ഇരുന്നൂറ് കോടി രൂപ നഷ്ടം വരുന്ന സാഹചര്യവും ഉണ്ടായി. കേന്ദ്രസേനയെ ഇറക്കാൻ തീരുമാനിച്ചതോടെ ക്രമസമാധാന പരിപാലനത്തിലെ പരാജയം വെളിവായെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്താനാകില്ലെങ്കിൽ രാജിവെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Loading...

വിഴിഞ്ഞത്തെ സാഹചര്യത്തിൽ അദാനി പോർട്‌സ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് സംസ്ഥാന സർക്കാർ കേന്ദ്രസേനയെ സുരക്ഷ ഏൽപ്പിക്കുന്നതിൽ വിരോധമില്ല എന്ന നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ കോടതി കേന്ദ്രനിലപാട് തേടി. വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണം തടസപ്പെടുന്നതായും സംസ്ഥാനത്ത് നിന്നും ലഭിക്കേണ്ട സുരക്ഷ ലഭിക്കുന്നില്ലെന്നും കാട്ടി അദാനി പോർട്‌സ് നൽകിയ ഹർജിയിലാണ് സർക്കാർ നിലപാടറിയിച്ചത്.