കുന്നിന്‍ മണ്ടയിലെ വികസനം നവകേരള നിര്‍മാണമല്ല, പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് വി എസ്…

കോഴിക്കോട്: പാറഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മാണം എന്ന കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഓഗസ്റ്റ് ഒമ്പതിന് ഏര്‍പ്പെടുത്തിയ നിരോധനം രണ്ടാഴ്ച പോലും പിന്നിടുന്നതിനു മുന്‍പ് ഇന്നലെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

Loading...

ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിയണമെന്ന് വി.എസ് പറഞ്ഞു.

കനത്തമഴയും പ്രളയവും ഉണ്ടായ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു തീരുമാനം. എന്നാല്‍ മഴ മാറിയതിന് പിന്നാലെ ഈ നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കവളപ്പാറയിലെയും പുത്തുമലയിലെയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചലിനും പിന്നാലെയായിരുന്നു സംസ്ഥാനത്ത് പാറഖനനവും മണ്ണ് നീക്കലും നിരോധിച്ചത്.
പലയിടത്തും അനധികൃതമായും നിയമവിധേയമായും പ്രവര്‍ത്തിക്കുന്ന പാറമടകള്‍ മണ്ണിന്റെ സ്വഭാവത്തെ ബാധിക്കുന്നതായി ശക്തമായ ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് 9-ാം തീയതി സംസ്ഥാന മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്.

സംസ്ഥാനത്ത് 750 ക്വാറികളാണ് അനുമതിയോടെ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരള ഫോറസ്റ്റ് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ 5924 ക്വാറികള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 129 ക്വാറികള്‍ക്കാണ് സംസ്ഥാനത്ത് അനുമതി കിട്ടിയത്. ഒരു വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് പൊട്ടിച്ചത് മൂന്ന് കോടി 53 ലക്ഷം ടണ്‍ പാറക്കല്ലുകളാണെന്നാണ് കണക്ക്.

വി എസ്സിന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരളം രണ്ടാമത്തെ പ്രളയവും കടന്നുപോയിരിക്കുന്നു. ഇപ്പോഴും വീണ്ടെടുക്കാനുള്ള മൃതദേഹങ്ങള്‍ മണ്ണിനടിയിലാണ്.

മണ്ണൊലിപ്പും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളിലെല്ലാം കുന്നിടിക്കലിന്റേയും തടയണകളുടേയും ക്വാറികളുടേയും സാന്നിദ്ധ്യമുണ്ട് എന്നത് കേവലം യാദൃഛികമല്ലെന്നാണ് വിദഗ്ധരുടെ പ്രതികരണങ്ങളില്‍നിന്ന് കാണുന്നത്.

താഴ്വാരങ്ങളിലെ കുടിലുകളും ചെറു ഭവനങ്ങളുമാണ് മാഫിയകളുടെ ആര്‍ത്തിയില്‍ ഒലിച്ചുപോയത്. കുന്നിന്‍ മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്.

ഇക്കാര്യത്തില്‍ ശാസ്ത്രീയ കാഴ്ച്ചപ്പാടുയര്‍ത്തിപ്പിടിച്ച് നടപടികളിലേക്ക് കടക്കുകയാണ് ഭരണകൂടങ്ങളുടെ ചുമതല. താഴ്വാരങ്ങളില്‍ മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന്‍ മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം.

അത് കേരള ജനതക്ക് വേണ്ടിയാണ്; സുസ്ഥിര വികസനം എന്ന ഇടതുപക്ഷ കാഴ്ച്ചപ്പാടിനു വേണ്ടിയാണ്. ഭൂ മാഫിയകളുടെ പണക്കൊഴുപ്പിനു വിട്ടുകൊടുക്കാനുള്ളതല്ല, സാധാരണ ജനങ്ങളുടെ ജീവനും സ്വത്തും ജീവിക്കാനുള്ള അവകാശവും.’