ലൈഫ് മിഷന്‍ ആരോപണം; സര്‍ക്കാരിന് ബന്ധമില്ലാത്ത കേസെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എങ്ങനെ പ്രതിയായി;വി ഡി സതീശന്‍

ലൈഫ് മിഷന്‍ ആരോപണത്തില്‍ വീണ്ടും സര്‍ക്കാരിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ഡി സതീശന്‍. ലൈഫ് മിഷന്‍ ആരോപണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ കെട്ടിച്ചമച്ച ആരോപണം ആണെന്നായിരുന്നു വിമര്‍ശനം. അവരൊക്കെ ഇപ്പോള്‍ എവിടെയാണെന്നും വി.ഡി സതീശന്‍ എംഎല്‍എ ചോദിക്കുന്നു. സംസ്ഥാനത്ത് സിബിഐ അന്വേഷണം തടയുന്നതിന് വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തിയതെങ്കിലും പിന്നീട് വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എങ്ങനെ പ്രതിയായിയെന്നും വി.ഡി സതീശന്‍.അപ്പോള്‍ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു.

സര്‍ക്കാരിന് ബന്ധമില്ലാത്ത കേസാണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രതിയാക്കിയത്? കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

Loading...

‘ലൈഫ് മിഷന്‍ പദ്ധതിയെക്കുറിച്ച് അവിശ്വാസ പ്രമേയ ചര്‍ച്ചാ വേളയില്‍ നിയമസഭയ്ക്കകത്തും പുറത്തും ഞങ്ങളാരോപണം ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞത് ലൈഫ്മിഷനുമായി ബന്ധപ്പെട്ട് നടത്തയിരിക്കുന്ന കോഴയിടപാടുമായി സര്‍ക്കാരിന് യാതൊരു ബന്ധവുമില്ല. അത് ഇതിന്റെ കരാറുകാരനും യുഎഇയിലെ സ്ഥാപനവുമായി നേരിട്ടുള്ള ഇടപാടാണ്. സംസ്ഥാനത്ത് സിബിഐ അന്വേഷണം തടയുന്നതിന് വേണ്ടിയാണ് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തിയതെങ്കിലും വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായി. അപ്പോള്‍ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു.

സര്‍ക്കാരിന് ബന്ധമില്ലാത്ത കേസാണെങ്കില്‍ എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പ്രതിയാക്കിയത്? കോഴയിടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുകയാണ്. ഞങ്ങളാരോപണം ഉന്നയിച്ചപ്പോള്‍ പാവപ്പെട്ടവരുടെ ഭവന നിര്‍മ്മാണ പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണെന്ന് വിമര്‍ശിച്ചു. മുഖ്യമന്ത്രി ആദ്യം അവകാശപ്പെട്ടത് യുഎഇയില്‍ പോയി 20 കോടി രൂപ പദ്ധതിക്കായി അവരില്‍ നിന്ന് ഡൊണേഷന്‍ വാങ്ങിയെന്നാണ്.

20 കോടി കിട്ടിയതില്‍ 9.15 കോടി കൈക്കൂലിയായി കൈമാറ്റം ചെയ്തു. ഒരു പദ്ധതിയുടെ 46% കോഴയായി മാറിയതായിരുന്നു തങ്ങളുടെ ആരോപണം. ബീഹാറില്‍ പോലും കേട്ടുകേള്‍വിയില്ലാത്ത അഴിമതിയാരോപണമാണ് ഇതിനകത്ത് നടന്നത്. ലൈഫ് മിഷനുമായി സര്‍ക്കാരിന് ബന്ധമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം തകര്‍ത്തുകൊണ്ടാണ് വിജിലന്‍സ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇനിയുള്ള സംശയം വിജിലന്‍സ് എങ്ങനെ ഈ കേസ് അന്വേഷിക്കും.
കേസിലെ ഒരു പാര്‍ട്ടി റെഡ്ക്രസന്റ് എന്ന ദുബായിലുള്ള എന്‍ജിഒ ആണ് അവിടെപ്പോയി അന്വേഷണം നടത്താന്‍ വിജിലന്‍സിന് കഴിയുമോ? മറ്റൊരു പാര്‍ട്ടി ദുബായ് കോണ്‍സുലേറ്റ് ആണ് അവരുടെ വാതില്‍ക്കല്‍ നില്‍ക്കാനേ വിജിലന്‍സിന് പറ്റൂ അകത്തേക്ക് കയറാന്‍ പറ്റില്ല. മൂന്നാമത്തെ കാര്യം സംസ്ഥാനത്തെ ധനകാര്യമന്ത്രി തന്നെ പറഞ്ഞു, 4.15 കോടി രൂപ കൈകാര്യം ചെയ്തിരിക്കുന്നത് ഒരു ഈജിപ്ഷ്യന് പൗരനാണ് അങ്ങനെയെങ്കില്‍ അയാളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാനത്തെ വിജിലന്‍സിന് പറ്റുമോ?

ഇത് അന്തര്‍ ദേശീയ തലത്തില്‍ പരന്നുകിടക്കുന്ന കേസാണ്. അതിനാലാണ് ഞങ്ങള്‍ സിബിഐ അന്വേഷണം വേണമെന്ന് പറയുന്നത്. സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതിന്റെ തലേന്നാണ് വിജിലന്‍സിനെ അന്വേഷണം ഏര്‍പ്പെടുത്തിയത്. എന്നിട്ട് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണത്തിന് എതിരായ നിലപാടും എടുത്തു. ഇപ്പോള്‍ സര്‍ക്കാരിന് പങ്കുണ്ട്, മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ട്, ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്, കോഴ നടന്നിട്ടുണ്ട് എന്ന് സര്‍ക്കാര്‍ തന്നെ സമ്മതിച്ചു.

പിന്നെന്തിനാണ് പ്രതിപക്ഷത്തെ പരിഹസിച്ചത്? ആരോപണം കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞത്? രമേശ് ചെന്നിത്തലയ്ക്ക് ഐഫോണ്‍ കൊടുത്തുവെന്ന് പറഞ്ഞത്? പ്രതിപക്ഷത്തെ അവഹേളിക്കാന്‍ ഈ വിഷയം സിപിഎമ്മും സിപിഎം മാധ്യമങ്ങളും സര്‍ക്കാരും ഉപയോഗിച്ചു. തങ്ങള്‍ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും ശരിയാണെന്ന് ഒരിക്കല്‍ സമ്മതിക്കേണ്ടിവരും. അക്കാര്യത്തില്‍ സംശയമില്ല.’ വിഡി സതീശന്‍ പറഞ്ഞു.