സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനത്തിലേക്ക്; 14.25 ലക്ഷം ‍ഡോസ് വാക്സീൻ കൂടിയെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷൻ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. വാക്‌സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 79.5 ശതമാനം പേർക്ക് ഒരു ഡോസ് വാക്‌സിനും(2,28,18,901) 31.52 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സിൻ നൽകാനായി. ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് സർക്കാർ.

സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്‌സിൻ കൂടി ലഭിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്‌സിനാണ് ലഭ്യമായത്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ ഒരു ഡോസ് കോവിഡ് വാക്‌സിനെടുത്ത 6 ശതമാനം പേരും രണ്ട് ഡോസും എടുത്ത 3.6 ശതമാനം പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇൗ സാഹചര്യത്തിൽ ഇനിയും വാക്‌സിനെടുക്കാൻ വിമുഖത കാട്ടുന്നവർ എത്രയും വേഗം വാക്‌സിൻ എടുക്കേണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.

Loading...